ഇന്ത്യ-പാക് സംഘർഷത്തിൽ 5 വിമാനങ്ങൾ തകർന്നു; പ്രശ്‌നം തീർത്തത് താനെന്ന് ആവർത്തിച്ച് ട്രംപ്

ഇന്ത്യ-പാക് സംഘർഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെയാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ തകർന്ന വിമാനങ്ങൾ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റെയാണോ എന്ന് ട്രംപ് വ്യക്തമാക്കിയില്ല.
വ്യാപാര കരാർ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് ആവർത്തിച്ചു. കുറേ യുദ്ധം താൻ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങൽ വെടിവെച്ചിടുകയായിരുന്നു. അഞ്ച് വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് തോന്നുന്നത്
ഇരുവരും ആണവ രാജ്യങ്ങളാണ്. അവർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഒടുവിൽ വ്യാപാര കരാർ മുൻനിർത്തി ഞങ്ങളത് പരിഹരിച്ചു. നിങ്ങൾ ആയുധങ്ങൾ കൊണ്ട് ഏറ്റുമുട്ടാൻ പോകുകയാണെങ്കിൽ നിങ്ങളുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു, അപ്പോളവർ നിർത്തിയെന്നും ട്രംപ് അവകാശപ്പെട്ടു