കോൾഡ്പ്ലേ കച്ചേരിയിലെ ‘കിസ്സ് ക്യാം’ വിവാദം: സിഇഒ ആൻഡി ബൈറണിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് ‘ആസ്ട്രോണമർ`

ബോസ്റ്റണിൽ നടന്ന കോൾഡ്പ്ലേ സംഗീത കച്ചേരിക്കിടെ ‘കിസ്സ് ക്യാമി’ൽ കുടുങ്ങിയ ‘ആസ്ട്രോണമർ’ സിഇഒ ആൻഡി ബൈറണിനെതിരെ കമ്പനി ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ ക്രിസ്റ്റിൻ കാബോട്ടുമൊത്തുള്ള ബൈറണിന്റെ ദൃശ്യങ്ങൾ വലിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവർക്കും മറ്റു വിവാഹബന്ധങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് സംഭവം വിവാദമായത്.
കച്ചേരിക്കിടെ, സ്റ്റേഡിയത്തിലെ ജംബോട്രോണിൽ ബൈറണും കാബോട്ടും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ ‘കിസ്സ് ക്യാമി’ൽ പതിഞ്ഞു. പരസ്പരം ആലിംഗനം ചെയ്ത് നിൽക്കുകയായിരുന്ന ഇരുവരും ക്യാമറ തങ്ങളിലേക്ക് തിരിയുന്നത് കണ്ടപ്പോൾ മുഖം മറയ്ക്കാനും ഒഴിഞ്ഞുമാറാനും ശ്രമിച്ചു. ഈ രംഗം കണ്ട കോൾഡ്പ്ലേയുടെ പ്രധാന ഗായകൻ ക്രിസ് മാർട്ടിൻ, “ഓ, ഈ രണ്ടുപേരെയും നോക്കൂ. ഒന്നുകിൽ അവർക്ക് ഒരു രഹസ്യബന്ധമുണ്ട്, അല്ലെങ്കിൽ അവർക്ക് വളരെ നാണമാണ്” എന്ന് തമാശയായി പറയുകയും ചെയ്തു.
ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയും, ഇത് ആൻഡി ബൈറണിന്റെ സ്വകാര്യ ജീവിതത്തിലേക്കും കമ്പനിയുടെ പ്രതിച്ഛായയിലേക്കും ചോദ്യങ്ങളുയർത്തുകയും ചെയ്തു. ആൻഡി ബൈറൺ ഭാര്യ മേഗൻ കെറിഗൻ ബൈറണിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് താമസിക്കുന്നത്. അതേസമയം, ക്രിസ്റ്റിൻ കാബോട്ടിന്റെ ദാമ്പത്യ നിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരണമായി, ‘ആസ്ട്രോണമർ’ കമ്പനി തങ്ങളുടെ സിഇഒ ആൻഡി ബൈറണിനെ അവധിയിൽ പ്രവേശിപ്പിച്ചു. കോ-ഫൗണ്ടറും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ പീറ്റ് ഡെജോയിയെ ഇടക്കാല സിഇഒ ആയി നിയമിച്ചു. ഈ വിഷയത്തിൽ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും, കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ‘ആസ്ട്രോണമർ’ അറിയിച്ചു. “ഞങ്ങളുടെ കമ്പനിയുടെ മൂല്യങ്ങൾക്കും സംസ്കാരത്തിനും അനുസരിച്ചുള്ള നിലവാരം കാത്തുസൂക്ഷിക്കാൻ ഞങ്ങളുടെ നേതാക്കൾ ബാധ്യസ്ഥരാണ്,” കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻ ജീവനക്കാർ ആൻഡി ബൈറണിന്റെ “വിഷമുള്ള” സ്വഭാവത്തെക്കുറിച്ചും നേതൃത്വ ശൈലിയെക്കുറിച്ചും സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.