നവീൻ ബാബുവിന്റെ മരണം: കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ ഹൈക്കോടതിയിലേക്ക്

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ വ്യക്തമാക്കി.
അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. പണം വാങ്ങി എന്നതിൽ കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്.
പ്രശാന്തൻ ടി വി എന്നൊരു സാക്ഷിയുണ്ട്. ഇയാൾ മുഖാന്തരം ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അഡ്വ. കെ വിശ്വൻ ആരോപിച്ചു. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിനെതിരെയും പി പി ദിവ്യയുടെ അഭിഭാഷകൻ രംഗത്തെത്തി. റവന്യൂ വകുപ്പിന്റേത് പാതിവെന്ത അന്വേഷണമാണ്. പ്രതിഭാഗത്തെ കേൾക്കാതെയുള്ള അന്വേഷണമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.