നിത്യതയിലേക്ക് മടങ്ങി മിഥുൻ: വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം, വിട നൽകി നാട്

തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും
മിഥുന് വിട നൽകാനായി ഒഴുകിയെത്തിയ നൂറുകണക്കിനാളുകളുടെ കണ്ണ് നനയിച്ച വികാരനിർഭര രംഗങ്ങളാണ് വിളന്തറയിലെ വീട്ടിൽ നടന്നത്. കരഞ്ഞ് തളർന്ന് ശബ്ദമില്ലാതായ അമ്മയ്ക്കും അച്ഛനും ഇടയിൽ നിന്ന് മിഥുനെ എന്നെന്നേയ്ക്കുമായി ചിതയിലേക്ക് എടുക്കുകയായിരുന്നു.
നാട് ഒന്നാകെ മിഥുന് വിട നൽകാനായി എത്തിയിരുന്നു. വിദേശത്ത് വീട്ടുജോലിക്കായി പോയിരുന്ന അമ്മ സുജ ഇന്ന് രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രിയ മകന് സുജ കണ്ണീരോടെ യാത്ര പറയുന്ന നിമിഷങ്ങൾ ആരുടെയും കരളലയിപ്പിക്കുന്നതായി മാറി. സഹപാഠികളും അധ്യാപകരും നാട്ടുകാരും ആര് ആരെ ആശ്വസിപ്പിക്കുമെന്നറിയാതെ വിതുമ്പി. നേരത്തെ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മിഥുന്റെ ഭൗതിക ദേഹം വീട്ടിലെത്തിച്ചത്