സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം; മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല: കെസി വേണുഗോപാൽ

തേവലക്കരയിൽ സ്‌കൂളിൽ ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മിഥുന്റെ മരണം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. വൈദ്യുതി കമ്പിയിൽ തട്ടി കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത് പതിവാകുന്നു. സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നാണ് കേരളം പ്രാർഥിക്കുന്നത്. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. ചോദിക്കുന്നവരെ അധിക്ഷേപിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ ഇനിയും തുടരും.
പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. സ്‌കൂളുകളിൽ കുട്ടികൾക്ക് സുരക്ഷ കുറയുന്നു. വകുപ്പുകൾ പരസ്പരം കുറ്റം പറയുകയല്ല വേണ്ടത്. സമഗ്രമായ സ്‌കൂൾ ഓഡിറ്റിങ് ഉടൻ നടത്തണമെന്നും ഇനിയും ഒരു കുഞ്ഞിനെ കൂടി മരണത്തിന് വിട്ടു കൊടുക്കാൻ കഴിയില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.