സൗദിയുടെ ‘ഉറങ്ങുന്ന രാജകുമാരൻ’ അൽ-വലീദ് ബിൻ ഖാലിദ് അന്തരിച്ചു; 20 വർഷം നീണ്ട കോമയ്ക്ക് വിരാമം

റിയാദ്: സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന പ്രിൻസ് അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് അന്തരിച്ചു. 20 വർഷത്തോളം നീണ്ട കോമയ്ക്ക് ശേഷമാണ് 36 വയസ്സുകാരനായ രാജകുമാരൻ വിടവാങ്ങിയത്.
2005-ൽ ലണ്ടനിലെ ഒരു സൈനിക കോളേജിൽ പഠിക്കുമ്പോൾ നടന്ന വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്നാണ് അൽ-വലീദ് രാജകുമാരൻ കോമയിലായത്. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് ബോധം തെളിഞ്ഞില്ല. റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
രാജകുമാരന്റെ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ അൽ സൗദ്, മകന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ദൃഢവിശ്വാസത്തിൽ എല്ലാ ചികിത്സകളും നൽകിയിരുന്നു. പ്രതീക്ഷയുടെ നേരിയ സൂചനകൾ മാത്രമായി ചിലപ്പോൾ വിരൽ ചലനങ്ങളും തലയുടെ ചെറിയ അനക്കങ്ങളും കണ്ടിരുന്നുവെങ്കിലും, ബോധം പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിൻസ് അൽ-വലീദ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സൗദി രാജകുടുംബവും ലോകമെമ്പാടുമുള്ള അനുഭാവികളും അനുശോചനം രേഖപ്പെടുത്തി. ഇന്ന് (ജൂലൈ 20, ഞായറാഴ്ച) റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസർ നമസ്കാരത്തിന് ശേഷം മയ്യത്ത് പ്രാർത്ഥനകൾ നടക്കും. അൽ-ഫഖറിയ്യ ജില്ലയിലെ അൽ-വലീദ് ബിൻ തലാലിന്റെ കൊട്ടാരത്തിൽ അടുത്ത മൂന്ന് ദിവസം ദുഃഖാചരണം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.