തിരുവനന്തപുരത്തെ കടൽക്ഷോഭം; ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കും: ജില്ലാ കളക്ടർ

തലസ്ഥാനത്തെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശവാസികൾ ആശങ്കയിലായ സാഹചര്യത്തിൽ, ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദിനെ അധികൃതർ ഇക്കാര്യം അറിയിച്ചത്.
കടൽക്ഷോഭം വളരെ രൂക്ഷമായ ബീമാപള്ളി മുതൽ പള്ളിത്തുറ വരെയുള്ള പ്രദേശങ്ങളിൽ കടലാക്രമണത്തിൽ ധാരാളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മത്സ്യബന്ധന യാനങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ കടലാക്രണ ഭീഷണി നേരിടുന്ന വേലിയേറ്റ രേഖയിൽ നിന്നും അമ്പത് മീറ്ററിനുള്ളിൽ താമസിക്കുന്ന എല്ലാവരെയും പുനഃഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.