ക്ലാസ്മേറ്റ്സ് വെറുമൊരു ക്യാമ്പസ് സിനിമ മാത്രമാണോ..?
ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി അതിനെ ഒരു ക്യാമ്പസ് ചിത്രം എന്ന ലേബലിൽ തളച്ചിടുന്നതാണെന്ന് തോന്നിയിട്ടുണ്ട് .സത്യമാണ് കോളേജ് ക്യാമ്പസ് ജീവിതം പശ്ചാത്തലമാക്കി മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സിനിമ തന്നെയാണ് ക്ലാസ്സ്മേറ്റ്സ് അതിൽ ഒരു തർക്കവുമില്ല. പക്ഷെ അത് മാത്രമാണോ എന്നതാണ് ചോദ്യം ??
കൊറിയൻ ത്രില്ലർ സിനിമകൾ കണ്ടു അന്തം വിട്ടിരിക്കാറുണ്ട്, ഇവർ എങ്ങനെയാണ് ഇതൊക്കെ എഴുതിയുണ്ടാക്കുന്നത് എന്നോർത്ത്. വളരെ കോംപ്ലിക്കേറ്റഡ് ആയ കഥ, അതിലും കോംപ്ലിക്കേറ്റഡ് ആയ കഥപറച്ചിൽ അവസാനം രോമങ്ങൾ ഒക്കെ എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്ന ലെവൽ ഉള്ള ട്വിസ്റ്റ്. എന്നാൽ ഈ complexities ഒന്നും പ്രേക്ഷകന് എവിടെയും connect ചെയ്യപ്പെടാതെ പോവുകയോ ഏച്ചു കെട്ടൽ ഫീൽ ചെയ്യുകയോ ചെയ്യില്ല ഇതൊക്കെയാണ് കൊറിയൻ ത്രില്ലർ തിരക്കഥകളുടെ പ്രത്യേകത. കൊറിയക്കാരുടെ ഈ മാജിക്ക് ഒരു മലയാള സിനിമയിൽ ഫീൽ ചെയ്തിട്ടുള്ളത് ക്ലാസ്സ്മേറ്റ്സിൽ ആണ്. ഇത്രയും ബ്രില്ലിയൻറ് ആയി എഴുതപ്പെട്ടിട്ടുള്ള ഒരു തിരക്കഥ മലയാളത്തിൽ വേറെയുണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം.
ക്ലാസ്സ്മേറ്റ്സിനെ ഒരു ത്രില്ലർ ആയി അംഗീകരിക്കാൻ ഇന്നും പലർക്കും മടിയാണ് . പക്ഷെ സത്യത്തിൽ മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നാണ് ക്ലാസ്സ്മേറ്റ്സ്. പ്രോപ്പർ ആയി റാഷോമോൻ എഫ്ഫക്റ്റ് എന്ന് പറയാൻ കഴിയില്ലെങ്കിലും അതിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന narration ആണ് ക്ലാസ്സ്മേറ്റ്സിൽ. ഒരുപക്ഷെ കെ ജി ജോർജിൻറെ യവനികയല്ലാതെ മലയാളത്തിൽ ഇത്തരമൊരു കഥപറച്ചിൽ ഫോളോ ചെയ്തിട്ടുള്ള ഒരേ ഒരു സിനിമയും ക്ലാസ്സ്മേറ്റ്സ് ആയിരിക്കും. ക്ലൈമാക്സിലെ ആ സസ്പെൻസും, റസിയ എന്ന കഥാപാത്രത്തെ ഡെവലപ്പ് ചെയ്ത രീതിയിലൂടെ ക്രിയേറ്റ് ചെയ്യപ്പെടുന്ന ഒരു മിസ്റ്ററി ഫീലും ഒക്കെ മലയാളത്തിലെ മറ്റു പല ത്രില്ലർ സിനിമകളും തന്നതിനേക്കാൾ അപ്പുറമായിരുന്നു. എല്ലാത്തിനുമുപരി അവസാനം ഹൃദയം നിന്നുപോകുന്ന ലെവൽ ഷോക്കിങ് ആയ ആ ട്വിസ്റ്റും, ഇന്നും മറക്കില്ല ആ ട്വിസ്റ്റ് തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ അനുഭവിച്ച രോമാഞ്ചം.
ത്രില്ലർ മാത്രമോ ??? നല്ല കിടിലൻ റൊമാൻസ് ഉണ്ട്, രാഷ്ട്രീയം പറയുന്നുണ്ട്, സൗഹൃദത്തിൻറെ ആഴം കാണിക്കുന്നുണ്ട്, തമാശയുണ്ട്, മലയാളികളെ ഇന്നും പഴയ കോളേജുകളിലേക്കും സ്കൂളുകളിലേക്കും റീയൂണിയൻ എന്ന പേരിൽ തിരിച്ചു കൊണ്ടുപോകുന്ന നൊസ്റ്റാൾജിയ ഉണ്ട്, നല്ല പാട്ടുകളുണ്ട്, മാസ്സ് സീനുകളുണ്ട്, കിടിലൻ ആക്ഷൻ സീനുകളുണ്ട് ,… അല്ലെങ്കിൽ എന്താണ് ഇല്ലാത്തത് ? ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയിൽ ഇല്ലാത്ത ജോണറുകൾ ഉണ്ടോ ?? എന്നാൽ ഇത്രയധികം കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടും ഒരു സ്ഥലത്ത് പോലും ഒരു ഏച്ചുകെട്ടൽ ഫീൽ ചെയ്യുകയോ മടുപ്പ് ഉളവാക്കുകയോ ചെയ്യുന്നില്ല എന്നതാണ് ക്ലാസ്സ്മേറ്റ്സ് എന്ന തിരക്കഥയുടെ ബ്രില്ലിയൻസ്. ജെയിംസ് ആൽബർട്ട് എന്ന എഴുത്തുകാരനെ നമിച്ചേ മതിയാകു.
ക്ലാസ്സ്മേറ്റ്സിൽ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത കാസ്റ്റിംഗ് ആണ്. അതുവരെ കോമഡി നായക വേഷങ്ങൾ ചെയ്തോണ്ടിരുന്ന ജയസൂര്യയെ പിടിച്ചു വില്ലനുമാക്കി. അതുവരെ വില്ലൻ വേഷങ്ങൾ ചെയ്തോണ്ടിരുന്ന ഇന്ദ്രജിത്തിനെ പിടിച്ചു കോമഡി താരവുമാക്കി. റസിയ എന്ന കഥാപാത്രത്തിലൂടെ രാധിക എന്ന നടിക്ക് ഒരു വിസിബിലിറ്റി കൊടുത്തു. എല്ലാ അഭിനേതാക്കളും അവരവരുടെ ഭാഗം ഭംഗിയാക്കി.
100% പെർഫെക്റ്റ് എന്നൊക്കെ വിളിക്കാവുന്ന ഒരു സിനിമ, അങ്ങനെയുള്ള സിനിമകൾ വളരെ വളരെ വിരളമേ സംഭവിക്കാറുള്ളു . അങ്ങനെയൊന്നാണ് ക്ലാസ്സ്മേറ്റ്സ്. ഇതുപോലെ ഒരു തിരക്കഥയും സിനിമയും അതിനു മുൻപും ശേഷവും സംഭവിച്ചിട്ടില്ല .ഇനി സംഭവിക്കുമോ എന്നും ഉറപ്പില്ല. മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു ക്ലാസ്സിക് ആണ് ക്ലാസ്സ്മേറ്റ്സ്. പക്ഷെ ഇന്നും ഇറങ്ങി 14 വർഷങ്ങളായിട്ടും വെറുമൊരു ക്യാമ്പസ് സിനിമ എന്ന ചട്ടക്കൂടിൽ മാത്രമാണ് ഈ സിനിമ ചർച്ച ചെയ്യപ്പെടുന്നത് എന്നത് വളരെ നിർഭാഗ്യകരമാണ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
