അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകും! പക്ഷേ മുന്നോട്ട് പോവുക! ഞാനിന്നും പൊരുതുന്നു:നിവിന്‍ പോളി

Share with your friends

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. പ്രേമം എന്ന ചിത്രത്തിന് പിന്നാലെയാണ് നിവിന് മറ്റ് സംസ്ഥാനങ്ങളിലും ആരാധകര്‍ കൂടിയത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനിത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ എത്തിയ താരം പത്ത് വര്‍ഷം കൊണ്ട് നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പ്രണയവും കോമഡിയും ആക്ഷനും സെന്റിമെന്റുമെല്ലാമുളള സിനിമകളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്മയത്വത്തോടെ നിവിന്‍ പോളി അവതരിപ്പിക്കാറുണ്ട്.
അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം മൂത്തോന്‍ എന്ന ചിത്രവുമായി നിവിന്‍ എത്തിയത്. സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അതേസമയം നിവിന്‍ പോളിയുടെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് പുറത്തിറങ്ങി ഇന്നേക്ക് പത്ത് വര്‍ഷം തികയുകയാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് നിവിന്‍ പറഞ്ഞ കാര്യങ്ങള്‍.

ആദ്യ സിനിമയ്ക്ക് ശേഷം കുറെ നാള്‍ തന്നെ അടയാളപ്പെടുത്താനുളള കഷ്ടപ്പാടുകളായിരുന്നുവെന്ന് നടന്‍ പറയുന്നു. മലര്‍വാടിക്ക് ലഭിച്ച അംഗീകാരം തുടര്‍ന്നുളള സിനിമകളില്‍ ലഭിച്ചില്ല. എന്നാല്‍ തട്ടത്തിന്‍ മറയത്ത് ഇറങ്ങിയതിന് പിന്നാലെ എല്ലാം മാറി. അതില്‍ നിന്നെല്ലാം ഒരുപാട് പാഠങ്ങളാണ് പഠിച്ചത്, നിവിന്‍ പോളി പറയുന്നു.

ഏതൊരു നടനും സിനിമയില്‍ സ്വന്തം പേര് സമ്പാദിക്കുന്നത് വരെ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാണ്. ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുക. നിങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകും. പക്ഷേ മുന്നോട്ട് തന്നെ പോവുക ഞാന്‍ ഇന്നും പൊരുതുന്നുണ്ട്. പക്ഷേ ഇന്നത് ആസ്വദിക്കുന്നു. എളുപ്പമാണെന്നല്ല, പക്ഷേ മാനേജ് ചെയ്യാന്‍ പറ്റുന്നതാണ്.

ഇന്‍ഡസ്ട്രി എങ്ങനെയാണെന്നോ തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നോ അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. അടുത്തത് എന്ത് ചെയ്യുമെന്ന് മാത്രമായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. നല്ല ഓഫറുകള്‍ ലഭിക്കണമെന്നും നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും ആയിരുന്നു ആഗ്രഹം. ഇവിടെ വരെ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.

മൂത്തോന്‍ എന്ന സിനിമയില്‍ ബുദ്ധിമുട്ടേറിയ കഥാപാത്രമായിരുന്നെന്നും എന്നാല്‍ എനിക്ക് സംതൃപ്തി തോന്നിയ അനുഭവമായിരുന്നെന്നും നിവിന്‍ പറഞ്ഞു. എന്റെ മികച്ചത് പുറത്തെടുക്കാന്‍ അണിയറ പ്രവര്‍ത്തകരെല്ലാം ഒരുപാട് സഹായിച്ചു. മൂത്തോന്‍ ഒരു വാണിജ്യ വിജയമാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ ഇത് നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ മലയാള സിനിമയെ പ്രതിനിധീകരിക്കുമെന്ന് അറിയാമായിരുന്നു.

ലോക് ഡൗണ്‍ കാലത്ത് ശരീരഭാരം വീണ്ടും കുറച്ചതിനെക്കുറിച്ചും നിവിന്‍ പോളി പറഞ്ഞു. മുന്‍പ് പടവെട്ട് എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയായിരുന്നു അത്. പിന്നാലെ ലോക് ഡൗണില്‍ 10 കിലോയാളം ശരീരഭാരം വീണ്ടും കുറച്ചു. ലോക് ഡൗണ്‍ കാരണമാണ് എനിക്ക് അതിന് സാധിച്ചത്. പടവെട്ടിന്റെ ഷൂട്ടിംഗ് ജൂലായില്‍ പുനരാരംഭിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ അത് ഇനിയും നീണ്ടുപോകാനാണ് സാധ്യത

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സുമൊത്ത് മറ്റൊരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും നിവിന്‍ പറയുന്നു. അതൊരു ത്രീഡി ചിത്രമായിരുന്നു. പക്ഷേ പിന്നീട് അത് നടന്നില്ല. ഇന്നും കേരളത്തിന് പുറത്ത് പോകുമ്പോള്‍ ആളുകള്‍ ആദ്യം പറയുന്നത് പ്രേമത്തെക്കുറിച്ചാണെന്നും നിവിന്‍ പോളി പറഞ്ഞു. ഒപ്പം ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളെക്കുറിച്ചും അവര്‍ പറയും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!