പൈലറ്റുമാർക്കും ജീവനക്കാർക്കുമായി പ്രത്യേക മാനസികാരോഗ്യ ആപ്പുമായി എയർ ഇന്ത്യ

ന്യൂഡൽഹി: പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് പുതിയ ആപ്ലിക്കേഷനുമായി എയർ ഇന്ത്യ. ജീവനക്കാരുടെ മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനും തൊഴിൽപരമായ വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിനും സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ഈ ആപ്ലിക്കേഷനിൽ യോഗ്യരായ മനശാസ്ത്രജ്ഞരുമായി ബന്ധപ്പെടാനും കൗൺസിലിംഗ് സേവനങ്ങൾ നേടാനും സാധിക്കും.
വിമാന യാത്രയുടെ തിരക്കേറിയ അന്തരീക്ഷത്തിലും സമ്മർദ്ദകരമായ സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ഈ പുതിയ സംരംഭം വലിയ സഹായകമാകുമെന്നാണ് കരുതുന്നത്. യാത്രക്കാരുമായി നേരിട്ട് ഇടപെഴകുന്നത് മുതൽ വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കൈകാര്യം ചെയ്യുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും ജീവനക്കാരുടെ മാനസികാരോഗ്യം പ്രധാനമാണ്. ഈ ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പുവരുത്തുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ ആപ്പ് പുറത്തിറക്കിയതെന്നാണ് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നത്.