ഒമാൻ തീരത്ത് മിസൈൽ ആക്രമണത്തിനിരയായ കപ്പലിൽ നിന്ന് 24 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി; നിർണായകമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഇടപെടൽ
മസ്കറ്റ്: ഒമാൻ തീരത്ത് മിസൈൽ ആക്രമണത്തെ തുടർന്ന് തീപിടിച്ച 'എംടി മാരിവെക്സ്' (MT Marivex) എന്ന എണ്ണക്കപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒമാൻ അധികൃതരും സംയുക്തമായി നടത്തിയ അതിവേഗ രക്ഷാപ്രവർത്തനമാണ് ദുരന്തമൊഴിവാക്കിയത്. പലാവു (Palau) പതാകയേന്തിയ കപ്പലിന് നേരെ തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്.
ഒമാന്റെ സെർച്ച് ആൻഡ് റെസ്ക്യൂ റീജിയണിലൂടെ (SRR) സഞ്ചരിക്കുകയായിരുന്ന കപ്പലിൽ തീപിടുത്തമുണ്ടായ ഉടൻ തന്നെ മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ (MRCC) ഒമാനിലെ രക്ഷാ ഏജൻസികളുമായി അടിയന്തരമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഒമാൻ നേവിയുടെ ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തി, കേടുപാടുകൾ സംഭവിച്ച കപ്പലിന്റെ ഡെക്കിൽ നിന്ന് ജീവനക്കാരെ ഓരോരുത്തരായി എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കർണാടകയിലെ കാർവാറിൽ നിന്ന് ഒമാനിലെ ദുഖ്മിലേക്ക് (Duqm) പോവുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് മാരിടൈം ട്രാഫിക് ഡാറ്റ വ്യക്തമാക്കുന്നു. കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ സ്ഥിരീകരിച്ചു.
ഇന്ത്യൻ സമുദ്രമേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ വിവിധ സമുദ്ര അപകടങ്ങളിൽപ്പെട്ട 32 നാവികർ ഉൾപ്പെടെ, ഇതുവരെ 3,506 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന് സാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മിസൈൽ ആക്രമണത്തിന്റെ കാരണത്തെക്കുറിച്ചും ഇതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചും മാരിടൈം അധികൃതർ അന്വേഷണം നടത്തിവരികയാണ്.