{"vars":{"id": "89527:4990"}}

കുവൈത്തിലെ എണ്ണക്കിണറിലുണ്ടായ അപകടം; രണ്ട് മലയാളികൾ മരിച്ചു
 

 

കുവൈത്തിലെ അബ്ദലിയിൽ എണ്ണക്കിണറിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശി നടുവിലെ പറമ്പിൽ സദാനന്ദൻ(40), കൊല്ലം സ്വദേശി സുനി സോളമൻ(43) എന്നിവരാണ് മരിച്ചത്. എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിക്കിടെ ഇരുവരും അപകടത്തിൽപ്പെട്ടു എന്നാണ് പ്രാഥമിക വിവരം

എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണങ്ങളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ ജഗ്ര ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്

കുവൈത്തിലെ ഇന്ത്യൻ എംബസിയും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും വിവരം അറിയിച്ചതായും അധികൃതർ വ്യക്തമാക്കി.