{"vars":{"id": "89527:4990"}}

നോ എൻട്രി; സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ പൂട്ടി സർക്കാർ: സമരഗേറ്റും അടച്ചു

 

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങൾ സർക്കാർ കൂടുതൽ വ്യാപിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ഇപ്പോൾ അത് മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വിവിധ വകുപ്പുകളിലേക്കും പൂർണ്ണമായി വ്യാപിപ്പിച്ചിരിക്കുകയാണ്.

​ഇതോടെ, സർക്കാർ ഔദ്യോഗികമായി അക്രഡിറ്റേഷൻ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകർക്ക് പോലും മുൻകൂട്ടിയുള്ള അറിയിപ്പോ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ശുപാർശ കത്തോ ഇല്ലാതെ അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) കൃത്യമായ പരിശോധനകൾക്ക് ശേഷം വാർത്താ ശേഖരണത്തിനായി നൽകുന്ന ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡുമായി എത്തുന്നവരെയാണ് കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടയുന്നത്.

​പൊതുജനങ്ങളുടെ സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകരെയും ജീവനക്കാർ വിലക്കുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണ്ണമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമ നിയന്ത്രണങ്ങളെ ശക്തമായി വിമർശിച്ചിരുന്നവർ തന്നെ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.