{"vars":{"id": "89527:4990"}}

സിജെപി കുതിപ്പ് സർക്കാരിനുള്ള സൂചന; യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന് ടിഡിപി: എൻഡിഎയിൽ ഭിന്നത

 

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി'യെ (CJP) ചൊല്ലി ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. സിജെപിയുടെ പെട്ടെന്നുള്ള കുതിപ്പ് സർക്കാരിനുള്ള ശക്തമായ സൂചനയാണെന്ന് ചില എൻഡിഎ ഘടകകക്ഷികൾ അഭിപ്രായപ്പെട്ടു. യുവാക്കളുടെ വിയോജിപ്പുകളെയും ശബ്ദങ്ങളെയും പൂർണ്ണമായും അവഗണിക്കരുതെന്ന ശക്തമായ നിലപാടുമായി തെലുങ്ക് ദേശം പാർട്ടി (TDP) രംഗത്തെത്തിയിട്ടുണ്ട്.

​തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ സോഷ്യൽ മീഡിയ തരംഗവും യുവാക്കൾക്കിടയിലെ സ്വാധീനവും ചൂണ്ടിക്കാണിച്ചാണ് ടിഡിപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. യുവാക്കളുടെ ഇത്തരം നീക്കങ്ങളെയും വിയോജിപ്പുകളെയും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ടിഡിപി പാർലമെന്ററി പാർട്ടി നേതാവ് ലാവു കൃഷ്ണ ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക ദുരവസ്ഥ, നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾ അങ്ങേയറ്റം അസംതൃപ്തരാണെന്നും, തങ്ങളുടെ നിലപാടുകൾ പ്രകടിപ്പിക്കാൻ അവർ സോഷ്യൽ മീഡിയയെയാണ് ഇപ്പോൾ വലിയ തോതിൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് കോക്രോച്ച് ജനതാ പാർട്ടി (CJP)?

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതി നടപടികൾക്കിടെ തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോടും' (Cockroaches) 'പരാസിറ്റുകളോടും' ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ഒരു സോഷ്യൽ മീഡിയ ആക്ഷേപഹാസ്യ മുന്നണിയാണ് സിജെപി. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ പോലും പിന്നിലാക്കി സിജെപി കുതിച്ചുയർന്നിരുന്നു.

 

​അടുത്തിടെ കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സിജെപിയുടെ എക്‌സ് (X) അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യുകയും, തൊട്ടുപിന്നാലെ 21.9 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് യുവാക്കളുടെ ഈ പ്രതിഷേധ തരംഗത്തെ ഭയന്ന് തള്ളിക്കളയരുതെന്ന മുന്നറിയിപ്പുമായി എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ടിഡിപി തന്നെ രംഗത്തെത്തിയിരിക്കുന്നത്.