ടി.എം.സിയിൽ വൻ പ്രതിസന്ധി; സഹായം തേടി സോണിയ ഗാന്ധിയുടെ പടിവാതിൽക്കൽ എത്തി മമത ബാനർജി: നിർണായക കൂടിക്കാഴ്ച
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) അഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പാർട്ടി അധ്യക്ഷ മമത ബാനർജി. ന്യൂഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലായിരുന്നു നിർണായകമായ ഈ അടച്ചിട്ട മുറി ചർച്ച നടന്നത്.
പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) മുന്നണി നേതാക്കളുടെ ഉന്നതതല യോഗം ഡൽഹിയിൽ ചേർന്നതിന് തൊട്ടുപിറ്റേന്നാണ് ഈ കൂടിക്കാഴ്ച. മുന്നണി നേതാക്കളുടെ യോഗത്തിൽ ഇരുനേതാക്കളും ഏറെ സൗഹാർദ്ദത്തോടെയാണ് ഇടപെട്ടത്. ഇതിന് പിന്നാലെയാണ് ഇരുവരും തനിച്ചുള്ള ചർച്ചകൾക്കായി ഒത്തുകൂടിയത്. മുന്നണിയുടെ ഭാവി തന്ത്രങ്ങൾ, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഏകോപനം എന്നിവയ്‌ക്കൊപ്പം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്ന നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളും ചർച്ചകളിൽ പ്രധാന വിഷയമായെന്നാണ് സൂചന.
സമീപകാലത്തെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ കടന്നുപോകുന്നത്. പാർട്ടിയിലെ ഒരു വിഭാഗം എം.പിമാരും എം.എൽ.എമാരും നിലവിലെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരികയും നേതൃത്വത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചില തൃണമൂൽ എം.പിമാർ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തെ പിന്തുണയ്ക്കാൻ താല്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വലിയൊരു വിഭാഗം ജനപ്രതിനിധികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം.
ഈ സാഹചര്യത്തിൽ മമത ബാനർജിയും സോണിയാ ഗാന്ധിയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പാർലമെന്റിലും പുറത്തും ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം നിലനിർത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.