രവീന്ദ്ര ജഡേജയുടെ ഭാര്യ ഇനി ഗുജറാത്തിലെ മന്ത്രി; റിവാബ അടക്കം മന്ത്രിസഭയിൽ 19 പുതുമുഖങ്ങൾ
മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി ഗുജറാത്തിൽ പുതിയ ഉപമുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റു. മജുറ എംഎൽഎ ആയ ഹർഷ് സംഘ്‌വിയാണ് പുതിയ ഉപമുഖ്യമന്ത്രി. ഗാന്ധിനഗറിലെ മഹാത്മ മന്ദിറിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അടക്കം 19 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. പുതിയ അംഗങ്ങളെയടക്കം ഉൾപ്പെടുത്തി വിപുലീകരിച്ചതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രിയടക്കം 26 ആയി ഉയർന്നു
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള മറ്റ് മന്ത്രിമാർ രാജിക്കത്ത് നൽകിയത്. ബിജെപിയുടെ നിർദേശപ്രകാരമായിരുന്നു രാജി. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന റിഷികേശ് പട്ടേൽ, പ്രഫുൽ പൻഷേരിയ, കുൻവാർജി ഭവാലിയ, കനുഭായി ദേശായി, പർഷോത്തം സോളങ്കി എന്നിവരെ പുതിയ മന്ത്രിസഭയിലും ഉൾപ്പെടുത്തി.