{"vars":{"id": "89527:4990"}}

ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് കൈമാറും; പശ്ചിമേഷ്യയിൽ നിർണായക സമാധാനക്കരാറിന് വഴിതുറക്കുന്നു

 

വാഷിംഗ്ടൺ: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നിർണായക നീക്കങ്ങളുടെ ഭാഗമായി, ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും അമേരിക്കയ്ക്ക് കൈമാറാൻ തയാറായതായി റിപ്പോർട്ട്. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ന്യൂയോർക്ക് ടൈംസാണ്' ഈ നിർണായക വെളിപ്പെടുത്തൽ പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാർ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. യുദ്ധം അവസാനിപ്പിക്കുകയാണെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് തുറമുഖം ഉടൻ തുറക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

​എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം ഏത് രീതിയിലാണ് ഇറാൻ യുഎസിന് കൈമാറുക എന്നതിനെക്കുറിച്ചോ, അത് നശിപ്പിക്കുന്നതിനെക്കുറിച്ചോ ഔദ്യോഗികമായി വ്യക്തത വന്നിട്ടില്ല. സമാധാന കരാർ ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാൻ്റെയും ഗൾഫ് രാജ്യങ്ങളുടെയും മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ആഗോളതലത്തിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 25 ബില്യൺ ഡോളറിൻ്റെ ഇറാനിയൻ ആസ്തികൾ വിട്ടുകിട്ടുമെന്നാണ് കരുതുന്നത്.

​അതേസമയം, യുറേനിയം കൈമാറുമെന്ന വാർത്തകളോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുറേനിയം യുഎസിന് നൽകണമെന്ന വ്യവസ്ഥയെ ഇറാൻ ഇതിനുമുമ്പ് ശക്തമായി എതിർത്തിരുന്നു. സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കും മാത്രമുള്ളതാണെന്നും ആണവായുധ നിർമാണം തങ്ങളുടെ അജണ്ടയിലില്ലെന്നുമാണ് ഇറാന്റെ നിലപാട്. യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

​രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (IAEA) കണക്കുകൾ പ്രകാരം 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ട്. ഇത് ആണവായുധ നിർമാണത്തിന് ആവശ്യമായ അളവിന് തൊട്ടടുത്താണെന്നാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തൽ. യുറേനിയം കൈമാറാൻ ഇറാൻ തയാറായില്ലെങ്കിൽ ഇസ്ഫഹാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്ക പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

​കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച ഈ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ക്രൂഡ് ഓയിൽ വിലയെയും വൻതോതിൽ ബാധിച്ചിരുന്നു. പുതിയ സമാധാന കരാർ നിലവിൽ വരുന്നതോടെ വലിയൊരു ആഗോള പ്രതിസന്ധിക്കാണ് താല്ക്കാലിക ശമനമാകുന്നത്.