പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 7

എഴുത്തുകാരി: തപസ്യ ദേവ്‌

നിനച്ചിരിക്കാത്ത നേരത്ത് കയറി വന്ന അതിഥികളെ കണ്ട് പത്മം അമ്പരന്നു. അവരുടെ മൂത്ത മകൻ മുരളിയും ഭാര്യ ശാരികയും ആയിരുന്നു അത്.

” അല്ല നിങ്ങൾ എന്താ ഈ വഴി.. ”

” അതെന്താ എന്റെ വീട്ടിൽ ഞങ്ങൾക്ക് വന്നൂടെ ”
അമ്മയുടെ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ അവരുടെ മുഖം വീർത്തുകെട്ടി.

” എന്റെ മുരളി ഞാൻ ഒന്നും ചോദിച്ചില്ല… നിങ്ങൾ വാ കയറിയിരിക്ക്….അല്ല മൃദുല മോളെ എന്താ കൊണ്ടു വരാഞ്ഞത്. ”

” അവൾ സ്കൂളിൽ പോയിരിക്കുവല്ലേ… ഞങ്ങൾ വീട്ടിൽ നിന്നല്ല വരുന്നത് ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് പോന്നതാ ”
ശാരിക പറഞ്ഞു.

” അവൾ എവിടെ പവിത്ര….?? ”
മുരളിയുടെ ശബ്ദത്തിലെ കാഠിന്യം പത്മം ശ്രദ്ധിച്ചിരുന്നു.

” അവൾ മുറിയിലുണ്ട് ”

” എന്തേ കടയിൽ പോക്ക് നിർത്തിയോ ”
ശാരിക പരിഹാസത്തോടെ ചോദിച്ചു.

” നിർത്തിയത് അല്ലല്ലോ പിരിച്ചു വിട്ടതല്ലേ ”

മുരളിയും പുച്ഛത്തോടെ പറഞ്ഞു.

” നിങ്ങൾ എങ്ങനെ അറിഞ്ഞു..?? ”

” അമ്മേ ഞങ്ങൾ ജോലി ചെയ്യുന്നത് രാജി മേഡത്തിന്റെ ഓഫീസിൽ ആണ്. അതുകൊണ്ടാ അന്ന് അമ്മ പ്രശാന്ത് ആ കുട്ടിയെ വിളിച്ചോണ്ട് വന്ന കാര്യം വിളിച്ചു പറഞ്ഞിട്ടും ഞാൻ അനങ്ങാഞ്ഞത്. ഇപ്പൊ അവരെ മേഡം വീട്ടിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഒത്തിരി സന്തോഷിച്ചു.
പക്ഷേ മേഡത്തിനെയും മകളെയും ഇവിടുത്തെ ഹിറ്റ്ലർ നാണം കെടുത്തിയാ പറഞ്ഞു വിട്ടതെന്ന് പ്രശാന്ത് പറഞ്ഞപ്പോളാ അറിഞ്ഞത്.
അതും പോരാഞ്ഞിട്ട് ഇന്നും അവരെ കടയിൽ വെച്ച് അവൾ അപമാനിച്ചത് കൊണ്ടല്ലേ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.. ”

” അതിന് ”

മുരളി പറയുന്നതെല്ലാം കേട്ട് കൈയ്യും കെട്ടി വാതിൽക്കൽ നിൽക്കുന്ന പവിത്രയെ അപ്പോഴാണ് എല്ലാരും കണ്ടത്.

” പവിത്രേ നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ… അവരൊക്കെ എത്ര വലിയ ആൾക്കാർ ആണെന്ന് അറിയാമോ നിനക്ക്…. കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചൂടേ..
എല്ലാരോടും ഇങ്ങനെ വഴക്കുണ്ടാക്കി നടന്നിട്ട് എന്താ കാര്യം ”

” മുരളിയേട്ടൻ കണ്ടോ ഞാൻ അവരോട് വഴക്കിന് ചെല്ലുന്നത്… !
ഈ വീട്ടിൽ വന്നു നമ്മുടെ വീടിനെയും നമ്മുടെ അമ്മയെയും കുറ്റം പറഞ്ഞപ്പോഴാണ് ഞാൻ പ്രതികരിച്ചത്. പിന്നെ ആവശ്യമില്ലാതെ കടയിൽ വന്നു എന്നെ പ്രകോപിപ്പിച്ചതും ആ സ്ത്രീ ആയിരുന്നു.
അത് എന്നെ കടയിൽ നിന്നും പറഞ്ഞു വിടാൻ വേണ്ടി മനപ്പൂർവം ചെയ്തതായിരുന്നു. ”

” ഒരു മാപ്പ് പറഞ്ഞിരുന്നേൽ ഈ പ്രശ്നം വല്ലതും ഉണ്ടാകുമായിരുന്നോ…
നീ അവരോട് മാപ്പ് ചോദിക്കണം പവിത്രേ ”

” ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്.
പിന്നെന്തിന് ഞാൻ മാപ്പ് ചോദിക്കണം ഏട്ടത്തി ”

” അഹങ്കാരം കൊണ്ട് ആ ജോലി അങ്ങ് പോയി കിട്ടിയല്ലോ..
നന്നായി പോയി… അന്ന് ശാരീടെ അനിയത്തീടെ കല്യാണത്തിന് അവിടെ നിന്നും ലാഭത്തിനു തുണിയെടുത്തു തരാൻ പറഞ്ഞപ്പോൾ നിനക്ക് വലിയ അഹങ്കാരം ആയിരുന്നല്ലോ ഇപ്പൊ തീർന്നല്ലോ എല്ലാം.. ”

മുരളി പവിത്രയെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം നന്നായി മുതലെടുക്കാൻ ശ്രമിച്ചു.

” ഏട്ടത്തിടെ അനിയത്തീടെ കല്യാണത്തിന് മുൻപ് മറ്റൊരു കല്യാണം ഉണ്ടായിരുന്നു മുരളിയേട്ടന്റെ സ്വന്തം അനിയത്തി പുണ്യയുടെ. എന്ത് സഹായം ചെയ്തു തന്നു അന്ന് ”

” അതിന് നീയും ഒന്നും ചെയ്തില്ലല്ലോ ഈ വീടിന്റെ ആധാരം കൊണ്ടു വെച്ചു ലോൺ എടുത്തിട്ടല്ലേ അവളുടെ കല്യാണം നടത്തിയത് ”

” അതെ… എന്നിട്ട് ആ ലോൺ അടച്ചു തീർത്ത് ആധാരം തിരിച്ചെടുത്തു അമ്മേടെ കയ്യിൽ കൊടുത്തത് ആരാ…ഒരു തവണ പോലും കൊടുക്കാൻ ഏട്ടനോ പ്രശാന്തോ തയാറായിട്ടുണ്ടോ… ഞാൻ തന്നെയല്ലേ അത് തിരിച്ചെടുത്തത് ”

പവിത്രയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അയാൾ ഇരുന്നു.

” ഏട്ടൻ പണ്ട് ആവശ്യപ്പെട്ടിരുന്നല്ലോ ഒരു കാര്യത്തിനും സഹായം ചോദിച്ചു ഏട്ടന്റെ അടുത്തേക്ക് വരരുതെന്ന്…
ഞാൻ ആരെയും ഇതുവരെയും ഒന്നിന്റെ പേരിലും ബുദ്ധിമുട്ടിക്കാൻ വന്നിട്ടില്ല. ഇങ്ങോട്ടും അങ്ങനെ തന്നെ വേണം. ഈ വീട്ടിൽ വർഷങ്ങളായിട്ട് അടുപ്പ് പുകയുന്നത് പവിത്ര കഷ്ടപ്പെട്ടിട്ട് തന്നാ. കടമ തീർക്കാൻ വേണ്ടി ആയിരം രൂപ അമ്മയ്ക്ക് അയച്ചു കൊടുക്കുന്നത് എന്ത് ചെയ്തെന്നോ എവിടെയെന്നോ ചോദിച്ചു ഞാൻ അമ്മയുടെ മുൻപിൽ ചെന്നിട്ടില്ല… ഉണ്ടെങ്കിൽ അമ്മ പറയട്ടെ ”

പവിത്ര അമ്മയെ നോക്കി. അവർ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിൽക്കയാണ്.

” പ്രായത്തിനു മൂത്തവരോട് ഇങ്ങനാണോ നീ സംസാരിക്കാൻ പഠിച്ചിട്ടുള്ളത്…
സ്വന്തം ഏട്ടനോട് കണക്ക് പറയാനും മാത്രം വളർന്നോ നീ ”
മുരളി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ശാരിക പറയാൻ തുടങ്ങി.

” പറയും ഏട്ടത്തി… ഇനിയും പറയും…ഈ വീടിനും വീട്ടിലുള്ളവർക്കും വേണ്ടി മുടക്കിയിട്ടുള്ള എല്ലാ ചിലവുകളുടെയും കണക്ക് എന്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്. അത് എന്തിനാ സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാമോ എനിക്ക് ഇനി ഒന്നും അറിയണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയവർ ഒരു അവസരം കിട്ടുമ്പോൾ നീ എന്ത് ചെയ്തിട്ടുണ്ട് ഈ വീടിന് വേണ്ടി എന്ന് ചോദിച്ചു വരുമ്പോൾ മുന്നിലേക്ക് ഇട്ടു കൊടുക്കാൻ വേണ്ടി ”
മുരളിയുടെ മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു.

” നിർത്തേടി ഒന്ന് താഴ്ന്നു തന്നെന്നും പറഞ്ഞു നീ അങ്ങ് തലയിൽ കയറാതെ….
അമ്മയ്ക്കു കിട്ടുന്ന പെൻഷനും ഈ പറമ്പിൽ നിന്നു കിട്ടുന്ന ആദായവുമൊക്കെ കൊണ്ടു തന്നെയല്ലേ നിങ്ങൾ ജീവിക്കുന്നത് …. എന്നിട്ട് നീ വലിയ പരോപകാരിയായി അങ്ങ് സ്വയം ചിത്രീകരിക്കാതെ ”

” ആയിക്കോട്ടെ അങ്ങനെ തന്നെ ഇരുന്നോട്ടെ… അല്ലാതെ പിന്നെ എങ്ങനെ ജീവിക്കണം ഞങ്ങൾ രണ്ടുപേർ…??
ഒരു കല്യാണം കഴിച്ചു കഴിഞ്ഞു ചില വിശേഷങ്ങൾക്ക് വേണ്ടിയല്ലാതെ ഏട്ടൻ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഞങ്ങളെ… !
കുളിമുറിയിൽ കാൽ തെറ്റി വീണ അമ്മയെ നോക്കാൻ ഒരു നേരം വന്നു നിന്നിട്ടുണ്ടോ ഈ മരുമകൾ… !
സ്വന്തം അനിയത്തി ആണല്ലോ പുണ്യ അവൾ പ്രസവിച്ചു കിടന്നപ്പോൾ ഒന്ന് ആശുപത്രിയിൽ വന്നു കണ്ടിട്ടുണ്ടോ നിങ്ങൾ… !
അവളുടെ കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് ഇവിടെ വരെ വന്നൊന്ന് തല കാണിച്ചിട്ട് പോയി…
അതെല്ലാം പോട്ടെ… ഇപ്പൊ അനിയൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടു വന്നപ്പോൾ മൂത്ത മകൻ എന്ന സ്ഥാനം വെച്ച് എന്ത് ചെയ്യണമെന്ന് അറിയാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ കൈ മലർത്തി കാണിച്ചില്ലേ… !
ഇപ്പോൾ നിങ്ങളുടെ മേഡത്തിനെ ഞാൻ അപമാനിച്ചു എന്നറിഞ്ഞപ്പോൾ തുള്ളി കൊണ്ടു വന്നല്ലോ രണ്ടുപേരും എന്നെ കൊണ്ട് മാപ്പ് പറയിക്കാൻ.. നാണമില്ലല്ലോ… !!
പവിത്രയ്ക്ക് വാക്ക് ഒന്നേയുള്ളു ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല… അങ്ങനെ നാണംകെട്ട് ചെല്ലാൻ ഏട്ടനെ പോലെ നാണവും മാനവും ഇല്ലാത്ത ജന്മം അല്ല ഞാൻ….”

” ഡി എന്താ പറഞ്ഞെ ”
മുരളി പവിത്രയുടെ കവിളിലേക്ക് കൈവീശി. അത് കാണാൻ ശേഷിയില്ലാത്ത പോലെ പത്മം കണ്ണടച്ചു. ശാരിക ഗൂഢമായ ചിരിയോടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story