ഇനിയൊരു ജന്മംകൂടി – ഭാഗം 8

ഇനിയൊരു ജന്മംകൂടി – ഭാഗം 8

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 8

എഴുത്തുകാരി: ശിവ എസ് നായർ

വൈകുന്നേരം കമ്പനിയിൽ നിന്നും പതിവിലും നേരത്തെയാണ് സുധീഷ്‌ മടങ്ങി വന്നത്.

വന്നു കയറിയപ്പോൾ തന്നെ ഹാളിലെ കാഴ്ച കണ്ടു സുധീഷ്‌ ഞെട്ടി തരിച്ചു.

ആവണിയുടെ കഴുത്തിനു കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തിയിരിക്കുകയാണ് സുധീഷിന്റെ അമ്മ.

ശ്വാസം കിട്ടാതെ അവരുടെ കയ്യിൽ കിടന്നു പിടയുകയാണവൾ.
ആവണിയുടെ കണ്ണുകൾ മുകളിലേക്ക് തുറിച്ചുന്തി.

തന്റെ അമ്മ തന്നെയാണോ അതെന്ന് അവനു സംശയമായി. അവരെ അത്രയും ഭീകരിയായി സുധീഷ്‌ മുൻപെങ്ങും കണ്ടിട്ടില്ല.

എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു മരിക്കുമെന്നവനു തോന്നി.

“അമ്മേ…. ” സുധീഷ്‌ വിളിച്ചു.

ഗീത പെട്ടന്ന് ഞെട്ടി പിന്തിരിഞ്ഞു.

മകനെ കണ്ട് അവർ നടുങ്ങി.

ആവണിയുടെ കഴുത്തിലെ പിടി അയഞ്ഞു.

അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.

പെട്ടന്ന് സുധീഷ്‌ ഓടിചെന്ന് അവളെ തന്റെ കൈകളിൽ താങ്ങി.

“ആവണി… ആവണി… ” അവൻ അവളെ കുലുക്കി വിളിച്ചു.

ആവണി ആയസപ്പെട്ടു ശ്വാസം വലിച്ചെടുക്കാൻ ശ്രമിച്ചു.

അവളെ സോഫയിലേക്ക് കിടത്തിയിട്ട് അവൻ കിച്ചണിൽ പോയി ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കൊണ്ട് വന്നു ആവണിക്ക് കൊടുത്തു.

ആർത്തിയോടെ അവൾ വെള്ളം മുഴുവനും കുടിച്ചു.

സുധീഷ്‌ അമ്മയ്ക്ക് നേരെ തിരിഞ്ഞു.

കള്ളത്തരം പിടിക്കപ്പെട്ടത് പോലെ അവർ ഒന്നും മിണ്ടാതെ നിന്നു.

“നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ…. ”

“മോനെ…. അമ്മയോട് ഇങ്ങനെയൊന്നും പറയല്ലേ… ”

“പിന്നെ ഞാൻ നിങ്ങളോട് എന്താ പറയേണ്ടത്….നാണമുണ്ടോ നിങ്ങൾക്ക് ആ പാവത്തിനെ ഇങ്ങനെ കൊല്ലാ കൊല ചെയ്യാൻ…. ”

“മോനെ… ”

“വേണ്ട ഇനി എന്നെ അങ്ങനെ വിളിക്കണ്ട…. നിങ്ങളുടെ വയറ്റിൽ വന്നു ജനിച്ചു പോയല്ലോയെന്നോർത്ത് എനിക്ക് തന്നെ ലജ്ജ തോന്നുന്നു.

നിങ്ങളുടെ ഈ വൃത്തികെട്ട സ്വഭാവം തന്നെ എനിക്കും കിട്ടി. അതിൽ ഞാനിന്ന് ഒരുപാട് ഖേദിക്കുന്നു.

പഴയ പ്രതികാര കഥയും പറഞ്ഞു ഈ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു….”

“എന്ത് പ്രതികാരം…?? ” ഞെട്ടലോടെ ഗീത ചോദിച്ചു.

“ഇനിയൊന്നും ഒളിക്കാൻ ശ്രമിക്കണ്ട…
ആവണി പറഞ്ഞു ഞാൻ എല്ലാം അറിഞ്ഞു….എന്റെ അമ്മയ്ക്ക് ഇങ്ങനെയൊരു വൃത്തികെട്ട മുഖമുള്ളത് ഞാൻ അറിഞ്ഞിരുന്നില്ല….

ഇപ്പൊ നേരിട്ട് കണ്മുന്നിൽ കണ്ടപ്പോൾ ബോധ്യമായി…. ”

“എന്റെ മകന്റെ മുന്നിൽ നാണം കെടുത്തിയ നിന്നെ ഞാൻ വെറുതെ വിടില്ല…. കാണിച്ചു തരാടി നിനക്ക് ഞാൻ ആരാണെന്നു…. ” ഗീത വെട്ടി തിരിഞ്ഞു മുറിയിലേക്ക് പോയി.

സുധീഷ്‌ ആവണിക്കരികിൽ ഇരുന്നു.

“ഇപ്പൊ എങ്ങനെയുണ്ട്…?? കുഴപ്പമൊന്നുമില്ലല്ലോ…. അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം നമുക്ക്…. ”

“വേണ്ട…. ഇപ്പൊ കുഴപ്പമില്ല… ”

ആവണി സോഫയിൽ എഴുന്നേറ്റിരുന്നു.

സുധീഷിന്റെ പെട്ടെന്നുള്ള മാറ്റം അവളെ അത്ഭുതപ്പെടുത്തി.

“ആവണി എന്റെ അമ്മ ചെയ്ത തെറ്റിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുവാ.
ഞാനും എന്റെ അമ്മയും കാരണം ഇല്ലാതായത് നിന്റെ ജീവിതമാണ്.

അന്ന് ഞാൻ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ അവസ്ഥ വരില്ലായിരുന്നു.

എന്റെ അമ്മയുടെ ഉദ്ദേശം അന്നേ മനസിലായിരുന്നുവെങ്കിൽ ഞാൻ ഈ വിവാഹം തടയുമായിരുന്നു.

അന്ന് പെണ്ണുകാണാൻ വന്നപ്പോൾ നിനക്ക് അഖിലേഷിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ആര്യയെ ഓർത്തു പോയി.

എനിക്ക് നഷ്ടമായ പ്രണയം നിനക്കും കിട്ടരുതെന്ന് തോന്നി. എന്നോട് ഒരു തെറ്റും ചെയ്യാത്ത നിന്നെ ഞാൻ മനഃപൂർവം ദ്രോഹിക്കുന്ന പ്രവണതയായിപ്പോയി.

ഇതുവരെ ഞാൻ ചെയ്ത തെറ്റ് ഉൾകൊള്ളാൻ എന്റെ മനസാക്ഷി എന്നെ അനുവദിച്ചിരുന്നില്ല.

എന്നാൽ ഇന്ന് ആവണിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ എന്നോട് നീ പൊട്ടിത്തെറിച്ചു റൂമിൽ നിന്നിറങ്ങി പോയില്ലേ….

നീ പറഞ്ഞില്ലേ ഞാനും അമ്മയും കൂടി നിന്റെ ജീവിതം നശിപ്പിച്ചു കളഞ്ഞുവെന്ന്…. ആലോചിച്ചപ്പോൾ എനിക്ക് മനസിലായി നീ പറഞ്ഞതാണ് ശരിയെന്നു….
തെറ്റാ ഞാൻ നിന്നോട് ചെയ്തത്….

കൂടെ ഉണ്ടായിരുന്നപ്പോൾ ആര്യയെ നന്നായി നോക്കിയിരുന്നുവെങ്കിൽ അവൾ എന്നെ ഉപേക്ഷിച്ചു പോവില്ലായിരുന്നു….

തെറ്റുകാരൻ ഞാൻ തന്നെയാണ് ആവണി. ഞാനും എന്റെ അമ്മയും ചെയ്ത തെറ്റിനു നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു…. ”

ആവണി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. ഒടുവിൽ അവൾ പറഞ്ഞു.

“പണ്ടേ നിങ്ങൾ നിങ്ങളുടെ തെറ്റ് മനസിലാക്കിയിരുന്നുവെങ്കിൽ ഇന്നെനിക്കു ഈ ഗതി വരുമായിരിന്നോ..??

എന്റെ ജീവിതം എനിക്ക് നഷ്ടപ്പെടില്ലായിരുന്നു….ആര്യയെ സ്വന്തമാക്കാൻ കഴിയാതെ പോയത് സ്വന്തം തെറ്റ് കൊണ്ടല്ലേ…. സുധിയേട്ടനു സ്വന്തമാക്കാൻ കഴിയാത്തത് മറ്റുള്ളവരും സ്വന്തമാക്കാൻ പാടില്ല എന്ന് വാശി പിടിക്കുന്നതിൽ എന്ത് ലോജിക്കാണുള്ളത്

നിങ്ങളുടെ ഭ്രാന്തൻ ചിന്തകൾ തകർത്തത് എന്റെ ജീവിതമായിരുന്നു… ഒരു ഏറ്റു പറച്ചിൽ നടത്തിയത് കൊണ്ട് എനിക്ക് നഷ്ടമായത് തിരിച്ചു തരാൻ നിങ്ങൾക്ക് കഴിയോ….?? ”

“നിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി തരാൻ എനിക്ക് കഴിയുന്നില്ല. എന്റെ കയ്യിൽ അതിനുള്ള ഉത്തരമില്ല…. ”

“എന്തായാലും നഷ്ടം എനിക്ക് മാത്രമാണല്ലോ… ”

സുധീഷ്‌ പിന്നെയൊന്നും പറഞ്ഞില്ല. ആവണി എഴുന്നേറ്റു കിച്ചണിലേക്ക് നടന്നു.
*************************************
രാത്രിയിലേക്കുള്ള ഭക്ഷണമെല്ലാം തയ്യാറാക്കി വച്ച ശേഷം ആവണി കുളിക്കാനായി മുകളിലേക്ക് പോയി.

അവൾ ചെല്ലുമ്പോൾ സുധീഷ്‌ ബാൽക്കണിയിൽ സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു.

അവന്റെ ഇരുപ്പ് കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായി സുധീഷ്‌ മറ്റേതോ ലോകത്താണെന്ന്.

ആവണിക്ക് അവനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.

അവൾ ഡ്രസ്സ്‌ എടുക്കാനായി അലമാര തുറന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് ഇളം പച്ച നിറത്തിലുള്ള കോട്ടൺ സാരിയാണ്.

കുളി കഴിഞ്ഞു ഇളം പച്ച സാരിയുടുത്തു വരുന്ന ആവണിയെ കണ്ടപ്പോൾ ഒരു നിമിഷം സുധീഷിനു തോന്നി അത് ആര്യയാണെന്ന്….

അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു.

സുധീഷ്‌ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് അവൾക്കടുത്തേക്ക് നടന്നു.

അപ്പോഴവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ആര്യ മാത്രമായിരുന്നു. ഒരിക്കൽ ഇതുപോലെ ഇളം പച്ച സാരിയുടുത്ത്‌ ആര്യ ഓഫീസിലേക്ക് വന്നത് അവൻ ഓർത്തു.

സുധീഷിനു ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് ഇളം പച്ച.

നില കണ്ണാടിയിൽ നോക്കി തല തുവർത്തുകയായിരുന്നു ആവണി.

തന്റെ ആര്യയാണ് ആ നിൽക്കുന്നതെന്ന് സുധീഷിനു തോന്നി.
യാന്ത്രികമായി സുധീഷിന്റെ കാലുകൾ അവൾക്ക് നേരെ ചുവടുകൾ വച്ചു.

പെട്ടെന്നാണ് അവന്റെ കയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തത്.
സുധീഷ്‌ ഞെട്ടി പിടഞ്ഞു ഫോണിലേക്ക് നോക്കി.

ഡിസ്പ്ലേയിൽ ആര്യയുടെ പേര് കണ്ടതും അവൻ വേഗം കാൾ എടുത്തു കൊണ്ട് തിരിച്ചു ബാൽക്കണിയിലേക്ക് നടന്നു.

“ഹലോ ആര്യ…. ”

“സുധിയേട്ടാ…. സുഖല്ലേ… ”

അവളുടെ സ്വരം അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു.

“നിനക്ക് സുഖമല്ലേ…. അതറിഞ്ഞാൽ മതി എനിക്ക്…. ”

“എനിക്ക് സുഖമാണ്…. പിന്നെ ഞാൻ ഇന്നലെ നാട്ടിലെത്തി കേട്ടോ… ”

“ആണോ…. ” വിശ്വാസം വരാതെ അവൻ ചോദിച്ചു.

“അതേ…. ഞാനിപ്പോ ആറു മാസം പ്രെഗ്നന്റ് ആണ്.ഹെൽത്ത് കുറച്ചു വീക്കായതുകൊണ്ട് ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് പോന്നു….”

നെഞ്ചിൽ കത്തി കുത്തിയിറക്കിയ പോലെ തോന്നി അവന്.

“ആര്യാ നിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു…
നിനക്കെന്നെ മറന്നു വേറൊരു ജീവിതവുമായി ഇത്ര പെട്ടന്ന് പൊരുത്തപ്പെടാൻ എങ്ങനെ കഴിഞ്ഞു..”

“സുധിയേട്ടാ പഴയതൊന്നും ഓർമിപ്പിക്കാനല്ല ഞാൻ വിളിച്ചത്. ഏട്ടന്റെ ജീവിതത്തിൽ ഇപ്പൊ മറ്റൊരു പെൺകുട്ടി കടന്നു വന്നു കഴിഞ്ഞു.

ഇനിയും അവളെ കരയിപ്പിക്കാതെ സ്നേഹിക്കാൻ ശ്രമിക്കു.എന്റെ ഈ ലൈഫിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്.

അതുപോലെ സുധിയേട്ടനും സന്തോഷത്തോടെ കുടുംബവും കുട്ടികളുമായി കഴിയുന്നത് എനിക്ക് കാണണം….

അത് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്. ഇനി ഞാൻ വിളിക്കില്ല. എന്നോട് സംസാരിക്കുന്ന ഓരോ നിമിഷവും സുധിയേട്ടൻ ആവണിയിൽ നിന്നും അകന്നു പോവുകയാണ് ചെയ്യുന്നത്.

അവൾ നല്ലൊരു കുട്ടിയാണ്. ഇനിയെങ്കിലും പഴയതൊക്കെ മറന്നു അവളെ സ്നേഹിക്കാൻ ശ്രമിക്കു…. ”

സുധീഷിന്റെ മറുപടിക്ക്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story