ഋതുസാഗരം: ഭാഗം 19

ഋതുസാഗരം: ഭാഗം 19

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

“ഡാ എന്താടാ ഇവിടെ നടക്കുന്നത്??…നീ അല്ലേ പറഞ്ഞത് സാഗറിനെയും ഋതുവിനെയും നിന്റെ അച്ഛന്റെ ആൾക്കാർ ഹോട്ടൽമുറിയിൽ ഇട്ടിരിക്കുകയാണെന്ന്… അങ്ങനെ ആണെങ്കിൽ പിന്നെ ഇവൻ എങ്ങനെ ഇവിടെ എത്തി??? ”

“എനിക്ക് ഒന്നും അറിയില്ല നിഖിൽ…..അച്ഛന്റെ ആൾക്കാർ എല്ലാം കറക്റ്റ് ആയി തന്നാണ് ചെയ്തത്. എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു. അവളെയും ഒരു പയ്യനെയും എന്റെ ആൾക്കാരും അച്ഛൻ വിളിച്ചു വരുത്തിയ പോലീസും ചേർന്നു ഇത്തിരി മുൻപ് ഹോട്ടലിൽ നിന്നു പൊക്കി. അതിന്റെ വീഡിയോ ആണ് ഇപ്പോൾ അവന്മാർ എനിക്ക് അയച്ചത്….ദാ കണ്ടില്ലേ തലയുയാർത്തൻ പോലും കഴിയാതെ പാതിബോധത്തിൽ അവൾ കിറുങ്ങി നിക്കുന്നത്. പക്ഷേ അവളുടെ കൂടെ ഉള്ളത് സാഗർ അല്ല… വേറെ ആരോ ആണ്…. പക്ഷേ ഇതു എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയും ഇല്ല എനിക്ക്. ”

“നോക്കട്ടെ നീ ആ വീഡിയോ ഇങ്ങു എടുത്തേ…….ഡാ ഈ വീഡിയോയിൽ ഉള്ളവനെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ട്‌… പക്ഷേ എവിടെയാണെന്ന് ഓർമ വരുന്നില്ല…. ശെയ്… എന്നാലും എവിടെയാ കണ്ടത്…..come on….ഓഹ്ഹ്……..!

ആഹ് കിട്ടിപ്പോയ്…. ഡാ ഇവനെ ഞാൻ ഋതുവിന്റെ കൂടെ തന്നാണ് കണ്ടിട്ട് ഉള്ളത്. ഓണം സെലിബ്രേഷന്റെ അന്ന് ഇവൻ ആണ് അവളെ ഇവിടുന്നു ബൈക്കിൽ വിളിച്ചിട്ട് പോയത്….അന്നും രണ്ടും ഒത്തിരി നേരം ഇവിടെ നിന്നു സംസാരിക്കുന്നുണ്ടായിരുന്നു.”

“പക്ഷേ…. സാഗറിനു വിരിച്ച വലയിൽ ഇവൻ എങ്ങനെ വന്നു പെട്ടു?? കോളേജിൽ നിന്നു ഋതുവും സാഗറും ഒരുമിച്ചു പോകുന്നത് ഞാൻ കണ്ടത് ആണ്….അച്ഛന്റെ ആൾക്കാരും പറഞ്ഞത് ഋതുവും സാഗറും ആണോന്ന് അവരോടു തന്നെ തിരക്കിട്ടാണ് മയക്കി എടുത്തുകൊണ്ടു പോയത് എന്നാണ്. പിന്നെ എന്താ സംഭവിച്ചത്…..എങ്ങനെയാ ഈ സാഗർ എന്റെ വലയിൽ നിന്നു രക്ഷപെട്ടതു.!!!”

വിഷ്ണുവിനു ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. രാഹുലും നിഖിലും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു… പക്ഷേ ഫലം ഉണ്ടായില്ല..സാഗറും മറ്റുകുട്ടികളും ശ്രദ്ധിക്കുന്നത് കണ്ടു അവർ അവനെ ഗ്രൗണ്ടിലേക്ക് വിളിച്ചു കൊണ്ടുപോയി.

ഈ സമയം ചഞ്ചല സാഗറിനോട് ഋതുവിനെക്കുറിച്ച് തിരക്കുകയായിരുന്നു…സാഗറിനൊപ്പം കടയിൽ പോകുകയാണെന്ന് പറഞ്ഞിട്ട് ആയിരുന്നു ഋതു വർണ്ണയുടെ അടുത്തു നിന്നു വന്നത്. സ്കിറ്റ് തുടങ്ങാൻ ഒരുപാട് താമസിച്ചത് കൊണ്ടു അവൾ തിരിച്ചെത്താത്തത് ആരും ശ്രദ്ധിച്ചതുമില്ല. പക്ഷേ ഋതുവിനെ തിരക്കി ചഞ്ചലയ്ക്കു രുദ്രന്റെ കാൾ വന്നതോടെയാണ് ഋതു തങ്ങളുടെ കൂട്ടത്തിൽ ഇല്ലയെന്നും അവൾക്കു എന്തോ ആപത്ത് പറ്റിയിട്ടുണ്ടെന്നും അവർ തിരിച്ചറിഞ്ഞത്.

“സാഗറേട്ടാ… ഋതു എവിടെ??? ”

“ഋതു സ്കിറ്റിനു ഉള്ള ഡ്രസ്സ്‌ എടുക്കാൻ പോയി…. എന്താ ചഞ്ചല ഇതുവരെയും തിരിച്ചു വന്നില്ലേ അവൾ?? ”

“ഇല്ല ഏട്ടാ…. അവൾ ഇതുവരെയും എത്തിയിട്ട് ഇല്ല… ഫോൺ ആണേൽ സ്വിച്ച് ഓഫും…ചേട്ടന്റെ ഒപ്പം കടയിൽ പോകുവാന്നു പറഞ്ഞിട്ടാണ് അവൾ വർണ്ണയുടെ അടുത്തുന്നു വന്നത്. ”

“അതേ…. എന്നോട് അങ്ങനെ പറഞ്ഞിട്ടാ പോയത്. പക്ഷേ ഇപ്പോൾ ചേട്ടൻ ഇവിടെ തന്നെ ഉണ്ടല്ലോ. അപ്പോൾ പിന്നെ ഋതു എവിടെ?? ”

“ആഹ് വർണ്ണ…. അവൾ എന്റെ കൂടെ കടയിൽ പോകാൻ ഇറങ്ങിയത് ആണ്… പക്ഷേ ബസ്സ് സ്റ്റോപ്പിന്റെ അവിടെ എത്തിയപ്പോഴാണ് ഋതുവിനെ കസിനെ കണ്ടത്…. അവൾ എപ്പോഴും പറയാറില്ലേ സച്ചുയേട്ടൻ. ചേട്ടൻ എവിടെപോകുവാന്നു തിരക്കിയപ്പോൾ ഞങ്ങൾ കാര്യം പറഞ്ഞു… ആ ചേട്ടൻ ഋതുവിന്റെ കൂടെ പൊയ്ക്കോളാം എന്നു പറഞ്ഞു…ഋതു വേണ്ടാന്ന് പറഞ്ഞിട്ടു അവളുടെ ഏട്ടൻ സമ്മതിച്ചില്ല. പിന്നെ ഞാനും കരുതി അവർ പോയിട്ടു വരട്ടേന്ന്. സ്വർഗത്തിലെ കട്ടുറുമ്പ് ആകണ്ട എന്നു കരുതി ഞാൻ ഇങ്ങു തിരിച്ചു വന്നു.

പക്ഷേ പോയിട്ടു തിരിച്ചു വരാൻ ഉള്ള സമയം കഴിഞ്ഞുല്ലോ… പോയി ഡ്രസ്സ്‌ എടുത്തു തിരിച്ചു വരാൻ മാക്സിമം മുക്കാൽ മണിക്കൂർ വേണം. ഇതിപ്പോൾ രണ്ടു രണ്ടര മണിക്കൂർ ആയല്ലോ…ഈ പെണ്ണ് പിന്നെ എങ്ങോട്ട് പോയി?? മാത്രമല്ല നിങ്ങളുടെ മുഖവും വല്ലാണ്ട് ഇരിക്കുന്നു… എന്താ എന്തേലും പ്രശ്നം ഉണ്ടോ?? ”

“അതു ഏട്ടാ…. ഇച്ചിരി നേരുത്തേ രുദ്രേട്ടന്റെ ഫോൺ വന്നു…എന്റെ ലവർ ആണ്. കക്ഷി ഋതുവിന്റെ ചേട്ടന്റെ ഫ്രണ്ട് കൂടി ആണ്. ഋഷിയേട്ടനെ ഇന്നു ആരോ വിളിച്ചു ഭീഷണിപ്പെടുത്തി ഋതുവിനു എന്തോ ആപത്തു വരാൻ പോകുവാണെന്നും…. കുടുംബത്തിന്റെ മാനം പോലും ബാക്കി കാണില്ല എന്നും ഒക്കെ…ഋതുവിന്റെ കാര്യം ആയതു കൊണ്ടു ഋഷിയേട്ടൻ വല്ലാണ്ട് പേടിച്ചു.”

“അതു വല്ല ഫേക്ക് കാൾ ആയിരിക്കും…. മാത്രം അല്ല ഋതുവിന്റെ ചേട്ടൻ IPS കാരൻ അല്ലേ… ഈസി ആയിട്ട് കാൾ ട്രേസ് ചെയ്തു എടുക്കാമല്ലോ. പിന്നെ എന്താ!”

“കാൾ ട്രേസ് ചെയ്തു..അതുകൊണ്ടാണ് ഏട്ടനു കൂടുതൽ ടെൻഷൻ. ആ നമ്പർ ബിസിനസ് മാൻ പ്രസാദിന്റെ ഓഫീസിൽ നിന്നുള്ളതു ആണ്… സംസാരിച്ചത് അയാളും… ഈ പ്രസാദ് ആണ് വിഷ്ണുവിന്റെ അച്ഛൻ. അയാളും ആയിട്ട് ഋഷിയേട്ടന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ഋതു പറഞ്ഞു കേട്ടിട്ടുണ്ട്. മാത്രം അല്ല മോനേ ഉപദ്രവിച്ച ഋതുവിനോടും അയാൾക്ക് ദേഷ്യം കാണും. ”

ചഞ്ചല പറഞ്ഞത് കേട്ടപ്പോഴാണ് സാഗറിനു സംഭവത്തിന്റെ സീരിയസ്നെസ്സ് മനസിലായത്…കുറച്ചു മുൻപ് വിഷ്ണു വളരെ ഭ്രാന്തമായി ദേഷ്യപ്പെട്ടതും കൂട്ടുകാർ അവനെ പിടിച്ചുവലിച്ചു കൊണ്ടുപോയതും ഒക്കെ അവന്റെ മനസ്സിൽ തെളിഞ്ഞു….വെപ്രാളപ്പെട്ടു അവന്റെ അരികിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു സാഗറിന്റെ രണ്ടു കൂട്ടുകാരൻമാർ ഓടി എത്തിയത്. അവർ നീട്ടിയ മൊബൈലിലെ ദൃശ്യങ്ങൾ കണ്ടു സാഗറിന്റെ മുഖം ദേഷ്യം കൊണ്ടു ചുമന്നു…ചഞ്ചലയുടെയും വർണ്ണയുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

ഹോട്ടൽ മുറിയിൽ നിന്നും അനാശാസ്യത്തിനു പിടിച്ച കോളേജ് വിദ്യാർത്ഥിനിയെയും കാമുകനെയും പോലീസ് ജീപ്പിലേക്ക് കയറ്റുന്ന വീഡിയോ ആയിരുന്നു അതു…മൊബൈൽ ഫോണുകളുമായി നിരന്നു നിൽക്കുന്ന ആളുകൾക്കിടയിലൂടെ മുടിയൊക്കെയഴിഞ്ഞു ഒരു ഭ്രാന്തിയെ പോലെ നടന്നു നീങ്ങുമ്പോഴും ഋതു സച്ചുവിന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു…കുട്ടിക്കാലത്തു പ്രേതകഥകൾ കേട്ടുപേടിച്ചു അമ്മയെ കെട്ടിപിടിച്ചുറങ്ങുന്ന ഒരു കൊച്ചുകുഞ്ഞിന്റെ അവസ്ഥയിൽ ആയിരുന്നു അവൾ അപ്പോൾ…എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും തളരാത്ത അവളുടെ മുഖത്തും കണ്ണുകളിലും നിറഞ്ഞു നിന്നിരുന്ന നിസ്സഹായതയും നിർവികാരതയും ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവളുടെ കൂട്ടുകാരിമാരെ ആയിരുന്നു.

ആ വാർത്തയും വീഡിയോയും കോളേജിൽ കാട്ടുതീ പോലെ പടർന്നു…കോളേജിൽ മാത്രം അല്ല നാട്ടിൽ മുഴുവൻ ആ വീഡിയോയും വാർത്തയും വയറൽ ആയി തുടങ്ങിയിരുന്നു…എത്രയും പെട്ടന്ന് ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ വേണ്ട കാര്യങ്ങൾ വിഷ്ണുവിന്റെ അച്ഛൻ നേരുത്തേ ചെയ്തിരുന്നു. സോഷ്യൽ മീഡിയയുടെ ഈ യുഗത്തിൽ നല്ല വാർത്തകൾ പ്രചരിക്കുന്നതിനേക്കാൾ വേഗത്തിൽ ആണല്ലോ ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്….ഋതുവിന്റെ വാർത്തയറിഞ്ഞു അവളുടെ ബാക്കി കൂട്ടുകാരും വർണയ്ക്കും ചഞ്ചലയ്ക്കും അടുത്ത് എത്തി. അവരുടെ അവസ്ഥയും ഇരുവരിൽ നിന്നും വ്യത്യസ്തമായിരുന്നില്ല…പക്ഷേ കൂട്ടത്തിൽ ഏറ്റവും വിഷമം വർണ്ണയ്ക്കായിരുന്നു. താൻ കാരണമാണ് ഋതുവിനു ഇങ്ങനെ ഒരു പ്രശ്നം വന്നത് എന്നു ഓർത്തു അവളുടെ മനസ്സ് പിടയുകയായിരുന്നു. ഋതുവിനെ അടുത്തറിയുന്ന കൂട്ടുകാർക്കു എല്ലാം അറിയാം അവൾ ഒരിയ്ക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്നു. പക്ഷേ അവളെ കുറിച്ച് നന്നായി അറിയാത്ത പലർക്കും ഇടയിൽ ഋതു തെറ്റുകാരിയായി. കോളേജിലെ കുട്ടികൾക്കു ഇടയിൽ പോലും ചൂടേറിയ ചർച്ചകൾ തുടങ്ങി കഴിഞ്ഞിരുന്നു.

വിവരം അറിഞ്ഞ സാഗറും കൂട്ടുകാരും നേരെ പോയത് വിഷ്ണുവിനു അടുത്തേക്ക് ആയിരുന്നു… ഗ്രൗണ്ടിലെ കല്ല്ബെഞ്ചിൽ കൂട്ടുകാർക്ക് ഒപ്പം ഇരിക്കുകയായിരുന്ന അവനെ സാഗർ ചവിട്ടി നിലത്തിട്ടു.

“ഡാ &$%$$…. നീ ഒക്കെ കൂടി ആ പാവം പെണ്ണിനെ ചതിച്ചു അല്ലേടാ… എങ്ങനെ തോന്നിയെടാ നിനക്ക് ഇങ്ങനെ ഒരു വൃത്തികെട്ട കളി കളിക്കാൻ??? ദേഷ്യം ഉണ്ടേൽ ആണുങ്ങളെ പോലെ നേർക്കു നേർ തീർക്കണമായിരുന്നു. അല്ലാണ്ട് ഇതു പോലെ പുറകിന്നു കുത്തുക അല്ല ചെയ്യേണ്ടിയിരുന്നത് കേട്ടോടാ $&$*#@”

പെട്ടെന്നുള്ള ആക്രമണത്തിൽ വിഷ്ണു ഒന്നു പകച്ചു… പക്ഷേ സാഗറിന്റെ സംസാരം കേട്ടതോടെ ഋതുവിന്റെ കാര്യം അറിഞ്ഞിട്ടുള്ള വരവാണ് ഇതെന്ന് അവനു മനസിലായി. സാഗറിന്റെ ദേഷ്യം കണ്ടു കൂട്ടുകാർ അവനെ പിടിച്ചു വെച്ചിരിക്കുകയായിരുന്നു…ഇല്ലെങ്കിൽ ഒരുപക്ഷേ വിഷ്ണുവിന്റെ ജീവൻ അവൻ എടുത്തേനേ…. ഇത്രയൊക്കെ ആയിട്ടും യാതൊരു കൂസലും ഇല്ലാതെ യായിരുന്നു വിഷ്ണുവിന്റെ മറുപടി.

“നീ കെടന്നു എത്ര കൂവി വിളിച്ചിട്ടും എന്നെ തല്ലി ചതച്ചിട്ടും ഒന്നും ഒരു കാര്യവും ഇല്ല സാഗർ നാരായൺ. എന്നെ തല്ലി കൊന്നാൽ പോലും നിന്റെ മറ്റവൾക്ക് പോയ അഭിമാനം തിരിച്ചു കൊടുക്കാൻ പറ്റില്ല…. ഒരു തെറ്റും ചെയ്യാതെ എല്ലാവരുടെയും കണ്ണിൽ ഇനി എന്നും അവൾ തെറ്റുകാരിയായിരിക്കും….കൂട്ടുകാരുടെയും നാട്ടുകാരുടെയും ഒക്കെ കണ്ണിൽ അവൾ ഇനിയെന്നും വഴി പിഴച്ചവൾ ആണ്..പഠിക്കാൻ കോളേജിൽ വിട്ടപ്പോൾ കാമുകന്റെ കൂടെ ഹോട്ടലിൽ പോയി ശരീരം പങ്കിട്ടവൾ എന്നാകും ഇനി അവൾ അറിയപ്പെടാൻ പോകുന്നത്.. നിനക്കൊന്നും അവൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റില്ല.

പക്ഷേ നിനക്ക് വല്ലാത്ത ഭാഗ്യം ഉണ്ട്‌…. അല്ലായിരുന്നു എങ്കിൽ നിനക്കും അവൾക്കും വേണ്ടി വിരിച്ച വലയിൽ മറ്റവൻ വന്നു വീഴില്ലയിരുന്നു. ആദ്യം എനിക്ക് നീ എങ്ങനെ ആണ് രക്ഷപെട്ടതു എന്നു മനസിലായില്ല. പക്ഷേ പിന്നീട് തിരക്കിയപ്പോൾ അറിഞ്ഞു. നിന്റെയും അവന്റെയും പേര് ഒന്നാണെന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഈ പുലി ബലിയാകേണ്ടയിടത്തു ആ കുഞ്ഞാട് വന്നു പെട്ടത്…ഈ സാഗറിനു പകരം ആ സാഗർ വന്നു വീണത്. ”

“നിനക്ക് തെറ്റിപോയി വിഷ്ണു…. നിന്റെ വലയിൽ വന്നു പെട്ടത് കുഞ്ഞാട് ഒന്നും അല്ല…ഒറ്റയാൻ ആണ്….ഋതുവിന്റെ കണ്ണു ഒന്നു നിറഞ്ഞാൽ മദം പൊട്ടുന്ന തനി ഒറ്റയാൻ…അവളെ നാട്ടുകാരുടെ കയ്യിൽ നിന്നു അവളുടെ സച്ചുയേട്ടൻ രക്ഷിച്ചോളും… പക്ഷേ നിന്നെ ഇനി അയാളുടെ കൈയിൽ നിന്നു ആർക്കും രക്ഷിക്കാൻ പറ്റില്ല…കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല…നീ അനുഭവിച്ചു അറിഞ്ഞോ.

സാഗറേട്ടൻ ഈ വൃത്തികെട്ടവനെ ഒന്നു തൊട്ടുപോലും നോവിക്കരുത്…കാരണം ഇവനുള്ള ശിക്ഷ എന്താണെങ്കിലും എങ്ങനെയാണെങ്കിലും അതു ഋതുവിന്റെയും സച്ചുയേട്ടന്റെയും കൈകൊണ്ടു ആയിരിക്കണം….”

വിഷ്ണുവും സാഗറും തമ്മിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story