പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 8

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

നന്ദുവിന്റെ മുൻപിൽ ഒരു കാൽ കുത്തി നിന്നു നന്ദുവിന്റെ കാല് ദേവദത്തൻ തുടയിൽ വെച്ച് ചിലങ്ക അണിയിച്ചു. ചിലങ്കയണിയിച്ച അവളുടെ കാലുകൾ കയ്യിലെടുത്ത് അവളുടെ കാൽപ്പാദങ്ങളിൽ അമർത്തി ചുംബിച്ചു.

എവിടെനിന്നോ ഒരു മിന്നൽ അവളുടെ ശരീരത്തിലാകമാനം പ്രവഹിച്ചതുപോലെ തോന്നി നന്ദുവിന്. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുതൂവി.

നന്ദു കണ്ണ് തുടച്ചു നോക്കുമ്പോൾ ദുർഗ്ഗയും ഭദ്രയും തങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു. അവരുടെ കൈകളിലും ചിലങ്ക ഉണ്ടായിരുന്നു. അവർ അത് ശിവന് നേരെ നീട്ടി. ശിവൻ സന്തോഷത്തോടെ അവരുടെ കൈകളിൽ നിന്ന് അത് വാങ്ങി അവരുടെ കാലുകളിൽ കെട്ടി കൊടുത്തു. എന്നിട്ട് രണ്ടു പേരെയും ചേർത്ത് പിടിച്ചു അവരുടെ മൂർദ്ധാവിൽ ചുംബിച്ചു . അവൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർ അവരുടെ മൂർധാവിൽ പതിച്ചു. അവരെ തന്നിൽനിന്നും മാറ്റി നിർത്തി.അപ്പോഴാണ് നീട്ടിപിടിച്ച കൈകളുമായി നിൽക്കുന്ന നന്ദുവിനെ കാണുന്നത്. ശിവൻ നന്ദുവിന്റെ കൈകളിൽ മുറുകെ പിടിച്ചു. അവർ പരസ്പരം ചിരിച്ചു.

ഇവരുടെ ഈ സ്നേഹപ്രകടനം കണ്ടുകൊണ്ടാണ് അച്ഛന്മാരും അമ്മമാരും അങ്ങോട്ട് വന്നത്. അവരുടെ മനസ്സും കണ്ണും സന്തോഷത്താൽ നിറഞ്ഞു. കൃഷ്ണവാരിയർ കിച്ചുവിന്റെയും ശിവന്റെയും തലയിൽ കൈ വെച്ച് പറഞ്ഞു “നിങ്ങൾ എന്നും ഇതുപോലെ ഒന്നായിരിക്കണം . എന്നും ഞങ്ങൾക്ക് ഇതുപോലെ കാണണം നിങ്ങളെ അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം”.

അച്ഛന്മാരുടെയും അമ്മമാരുടെയും അനുഗ്രഹവും മേടിച്ചു അവർ സ്റ്റേജിലേക്കു കയറി. മനോഹരമായ ഗണപതി സ്തുതിയിൽ തുടങ്ങിയ നൃത്താവിഷ്കാരം. അവരുടെ നൃത്തം കാണാൻ ആ നാട് തന്നെ എത്തിയിരുന്നു. വർഷത്തിലുള്ള ഈ നൃത്താവിഷ്കാരം പതിവ് തന്നെയാണ്.

ചുവടുകൾ പിഴയ്ക്കാതെ മനവും ശരീരവും നൃത്തത്തിൽ മാത്രം ലയിച്ചു അവർ പരസ്പരം മത്സരിചു നടനമാടി.

ഇടയ്ക്കെപ്പോഴോ ദുർഗ്ഗയുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ ഒരാളുടെ മുഖത്ത് തങ്ങിനിന്നു.

“കാശി”

അവൾക്ക് അത്ഭുതമായി. അവൾ അവനെ തന്നെ നോക്കി. പക്ഷേ അവൾ ഒരു കാര്യം ശ്രദ്ധിച്ചു അവൻറെ കണ്ണുകൾ ഒരാളിൽ മാത്രം തങ്ങിനിൽക്കുന്നു. “അതെ ഭദ്രയിൽ തന്നെ”

ദുർഗ്ഗയുടെ മനസ്സിലെ ചിന്ത നൃത്തച്ചുവടുകളിൽ കാണാൻ തുടങ്ങി. പല ചുവടുകളിലും അവൾ പതറി പോയിരുന്നു. അവളുടെ ഈ മാറ്റം കിച്ചു ശ്രദ്ധിച്ചിരുന്നു. അവളുടെ കണ്ണുകൾ തങ്ങിനിൽക്കുന്ന ഭാഗത്തേക്ക് അവനും കണ്ണുകൾ അയച്ചു.

“കാശി”

അവനും മനസ്സിൽ മന്ത്രിച്ചു. അവൻ എന്താ ഇവിടെ. ദുർഗ്ഗയുടെ നോട്ടവും കാശിയുടെ നിൽപ്പും അവനെ അസ്വസ്ഥമാക്കി.

ഇതിലൊന്നും ശ്രദ്ധിക്കാതെ ഭദ്രയും നന്ദുവും മനമറിയാതെ നൃത്തത്തിൽ ആറാടി.

പതിവുപോലെ നൃത്തത്തിന്റെ അവസാനം എല്ലാവരും കൂടി അവരെ പൊതിഞ്ഞു. കിച്ചു ദുർഗയെ സാകൂതം നോക്കി. അവളുടെ മുഖത്ത് പതർച്ച വ്യക്തമായി കാണാമായിരുന്നു. കിച്ചു പതുക്കെ പുറത്തേക്കിറങ്ങി ആൾക്കൂട്ടത്തിനിടയിൽ കാശിയെ തിരഞ്ഞു. പക്ഷേ എവിടെയും അവനെ കാണാൻ കഴിഞ്ഞില്ല.

“നീ ഇവിടെ നിൽക്കുകയായിരുന്നോ നന്ദു അവിടെ നിന്നെ അന്വേഷിക്കുന്നു… അവിടേക്ക് ചെല്ലു”

ശിവൻ വന്നു കിച്ചുവിനെ കൂട്ടികൊണ്ടുപോയി.

പിറ്റേന്ന് മുത്തേഴത്ത് തറവാട്ടിൽ ഒരു ആഘോഷം തന്നെയായിരുന്നു. കൃഷ്ണൻ വാര്യരുടെയും സീതയുടെയും വിവാഹ വാർഷികം വളരെ ഭംഗിയായി അവർ ആഘോഷിച്ചു. നന്ദുവിന്റെയും ഭദ്രയുടെയും നൃത്തവും ദേവദത്തന്റെയും ശിവന്റെയും സംഗീതവും. കിച്ചുവും ദുർഗ്ഗയും കുറച്ചു മൂകമായി കാണപ്പെട്ടു.ചോദിച്ചപ്പോൾ ദുർഗ തലേദിവസത്തെ കളിച്ചത് ക്ഷീണം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു.

കളിചിരികൾക്ക് ഒടുവിലാണ് കൃഷ്ണവാര്യർ പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിക്കാൻ ഉണ്ടെന്ന് അവരോട് പറയുന്നത്.

“കിച്ച 2 ദിവസം മുമ്പ് ഞങ്ങൾ നന്ദുവിന്റെ ജാതകം ഒന്ന് പരിശോധിച്ചു അവൾക്ക് ഇപ്പോൾ വിവാഹ സമയമാണ് ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ 30 ന് ഓട് അടുക്കും അതുകൊണ്ട് നമുക്ക് അവിടെ വിവാഹകാര്യത്തിൽ ഒരു തീരുമാനമെടുക്കണം”.

ഒരു ഞെട്ടലോടെയാണ് ദേവദത്തനും നന്ദുവും അച്ഛൻ പറയുന്നത് കേട്ടത്. എന്തു പറയും എന്നറിയാതെ കിചുവും നിന്നു.

നന്ദു ദയനീയമായി കിച്ചുവിനെ നോക്കി “അച്ഛനോട് പറഞ്ഞു എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞിട്ട് “അവളുടെ നോട്ടത്തിലൂടെ കിച്ചുവിനോട് പറഞ്ഞു.

“നല്ല കാര്യം .നമുക്ക് ആ ബ്രോക്കർ ദാമോദരനോട് ഒന്ന് പറഞ്ഞു വയ്ക്കാം. നല്ല ആലോചനകൾ നോക്കി വയ്ക്കാൻ പറയാം” ബാലമ്മാമയും അത് അംഗീകരിച്ചു.

മക്കളുടെ പ്രതികരണം അറിയാനായി അവർ അവരുടെ മുഖത്തേക്ക് നോക്കി.

“നിങ്ങളെല്ലാവരും എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് എന്തെങ്കിലും ഒന്നു പറയൂ അല്ലെങ്കിൽ നിങ്ങൾക്കും സമ്മതമാണോ”

“എന്താ ദത്ത നിൻറെ അഭിപ്രായം” കൃഷ്ണൻ വാരിയർ ദേവദത്തന്റെ മുഖത്തേക്ക് നോക്കി.

അവൻ നന്ദുവിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞുതുടങ്ങി.

“കൃഷ്ണ മാമ ഞങ്ങളോട് ക്ഷമിക്കണം എനിക്ക് നന്ദുട്ടനേ ഭയങ്കര ഇഷ്ടമാണ്. അവൾക്കും എന്നോട് ഇഷ്ടം കുറവില്ല. ഞാനിത് പറയാതിരുന്നത് എനിക്കൊരു ലക്ഷ്യമുണ്ട് മാമ അത് പൂർത്തീകരിച്ചു പറയാം എന്നു കരുതി”

പറഞ്ഞു തീർന്നതും ദേവദത്തൻ കൃഷ്ണൻ വാരിയരുടെ മുഖത്തേക്കും സ്വന്തം അച്ഛന്റെ മുഖത്തേക്കും നോക്കി. പേടിച്ചതുപോലെ ഒന്നും തോന്നിയില്ല.രണ്ടുപേരുടെയും മുഖത്ത് ഒരു നറു പുഞ്ചിരി തന്നെ ഉണ്ടായിരുന്നു.

“ബാല നിൻറെ മോനെ എനിക് ഒത്തിരി ഇഷ്ടമായി കേട്ടോ. അവൻ ഒരു ആണ് ആണെന്ന് തെളിയിച്ചു. തന്റേടത്തോടെ അവൻ പറഞ്ഞില്ലേ. എനിക് അത് ഒത്തിരി ഇഷ്ടപ്പെട്ടു.”

“പിന്നെ എന്‍റെയല്ലെട മോൻ..”

ബാലന് അഭിമാനം കൊണ്ടു കണ്ണ് നിറഞ്ഞു.

കൃഷ്ണൻ വാരിയർ തുടർന്നു.

“നന്ദുവിന്റെ മാത്രമല്ല ദേവദത്തന്റെ ജാതകവും ഞങ്ങൾ നോക്കി നല്ല ചേർച്ചയുണ്ട് പൊരുത്തവും.ഞങ്ങൾ ഇത് മുന്നേ ആലോചിച്ചിരുന്നത് ആയിരുന്നു പിന്നെ നിങ്ങളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു മതി എന്ന് കരുതി. കിച്ചുവിനോടു ചോദിച്ചപ്പോൾ ആണ് അവൻ നിങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങളുടെ സമ്മതം കിട്ടിയ സ്ഥിതിക്ക് വേണമെങ്കിൽ നിശ്ചയം കഴിച്ചു വയ്ക്കാം”

“മാമ എനിക്കൊരു ലക്ഷ്യമുണ്ട് സിവിൽ സർവീസ് .അത് പൂർത്തീകരിക്കുന്നത് വരെ നന്ദു കാത്തിരിക്കുമെന്ന് എനിക്കറിയാം. അതിനുശേഷം മതി ഞങ്ങളുടെ വിവാഹം. പിന്നെ നിശ്ചയം അതിനോടും എനിക്ക് താല്പര്യമില്ല, വേറൊന്നും കൊണ്ടല്ല മാമാ അവളിപ്പോൾ പഠിക്കുകയല്ലെ…. പഠിക്കട്ടെ എല്ലാ സ്വാതന്ത്ര്യതോടും കൂടി അവൾ കോളേജിൽ പാറിപ്പറക്കട്ടെ . എൻറെ ഒരു നിശ്ചയം മോതിരം അവളുടെ സ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങ് ആകാൻ എനിക്ക് താല്പര്യമില്ല. നന്ദു എന്നും ഈ ദേവൻറെ മാത്രമാണ്”.

അവൻറെ ആ അഭിപ്രായത്തോട് എല്ലാവരും ശരിവെച്ചു. നന്ദുവിനെ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി. അവളുടെ മനസ്സിൽ ദേവൻറെ സ്ഥാനം ദൈവത്തോളം എത്തി. തന്നെ ഒന്നിലും തളച്ചിടാതെ എല്ലാ സ്വാതന്ത്ര്യത്തോടും കൂടി പാറിപ്പറക്കാൻ അനുവദിച്ച ദേവനോടുള്ള ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു അവളുടെ മനസ്സിൽ.

ഭദ്രയും ദുർഗയും ഓടിവന്ന് നന്ദവിനെയും കെട്ടിപ്പിടിച്ചു. സന്തോഷംകൊണ്ട് അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു അവർ പരസ്പരം പുണർന്നു. പിന്നീട് അവരെല്ലാവരും തൊടിയിലേക്കിറങ്ങി. അച്ഛന്മാർ മാത്രമായി അവർ പിന്നെയും ഓരോ വിഷയങ്ങൾ ആയി സംസാരിച്ചു തുടങ്ങി.

“കൃഷ്ണാ എൻറെ മോനെ നിനക്ക് തരുമ്പോൾ നിൻറെ മോനേ ഞാനും എടുക്കും കേട്ടോ”.

“എനിക്ക് സന്തോഷമേയുള്ളൂ ബാല നമ്മുടെ ബന്ധം അടുത്ത തലമുറയിലേക്ക് കൂടി പകർന്നു നൽകുന്നതിന്. പക്ഷേ നിൻറെ രണ്ടു മക്കളില്ലേ എനിക്ക് അവർ രണ്ടുപേരും മകളെ പോലെ തന്നെയാണ്.”

“ഇപ്പോളത്തെ കുട്ടികളല്ലേ കൃഷ്ണ ദേവനും നന്ദുവും ഒരുമിച്ചതുപോലെ അവർക്കിടയിലും ഉണ്ടാകും പരസ്പരം അവരുടേതായ ഇഷ്ടങ്ങൾ. സമയമാകുമ്പോൾ കിച്ചു തുറന്നു സമ്മതിക്കും”.

“അവർ പറയും വരെ നമുക്ക് കാത്തിരിക്കാം”

കൃഷ്ണൻ പറഞ്ഞത് അമ്മമാരും ശരിവച്ചു.

ദിവസങ്ങൾ പിന്നെയും ഒഴുകി നീങ്ങി. അവസാന പരീക്ഷയും കഴിഞ്ഞ് എട്ടൻമാർ കോളേജ് ജീവിതം അവസാനിപ്പിച്ചു ഇറങ്ങി. ദുർ ഗ്ഗക്കും നന്ദുവിനും അതു വലിയ ഒരു ആശ്വാസമായിരുന്നു. അവർക്ക് കുറച്ചു കൂടി അടിച്ചുപൊളിക്കാൻ കഴിയുമല്ലോ ചേട്ടന്മാരെ പേടിക്കാതെ. ഭദ്ര അപ്പോഴും പുസ്തകവും ലൈബ്രറിയും എഴുത്തും പഠനവുമായി നടന്നു. അടിച്ചുപൊളിച്ചു നടക്കുമെങ്കിലും നന്ദുവും ദുർഗ്ഗയും ഭദ്രയും നന്നായി പഠിക്കുമായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണികൾ ആയിരുന്നു അവർ. നന്നായി തന്നെ പഠിക്കും.എല്ലാകാര്യങ്ങളിലും ഒന്നാമത്. ചേട്ടന്മാരെ പോലെ തന്നെ സഹോദരിമാരും.

ഫൈനൽ ഇയർ റിസൾട്ട് വന്നു. കോളേജിന് തന്നെ അഭിമാനകരമായ വിജയം ആയിരുന്നു ഇത്തവണ. കാരണം യൂണിവേഴ്സിറ്റി ആദ്യത്തെ പത്ത് റാങ്കുകൾ അവരുടെ കോളേജിന് തന്നെ ആയിരുന്നു. ശിവൻ ആയിരുന്നു ഒന്നാം റാങ്ക്. ദേവദത്തൻ മൂന്നാം റാങ്ക് കിട്ടിയപ്പോൾ കിച്ചുവിന് അഞ്ചാം റാങ്ക് ഉണ്ടായിരുന്നു. ബാക്കിയുള്ള റാങ്കുകളും അവരുടെ തന്നെ പല സുഹൃത്തുക്കൾക്കും കിട്ടി. അതുകൂടാതെ തന്നെ അവരുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും മികച്ച മാർക്കൊടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. അതിനു എല്ലാവരും പ്രിൻസിപ്പാളും ടീച്ചേഴ്സ് എല്ലാവരും ശിവനും ദേവദത്തനും കിച്ചുവിനും പ്രത്യേകം നന്ദി പറഞ്ഞു. കാരണം ഇവരുടെ കൂടി പരിശ്രമം ആയിരുന്നു എല്ലാവരെയും ഒരുപോലെ കൂടെ ഇരുത്തി പഠിപ്പിച്ചു കൂടെ ഉള്ളവരെ കൂടി കൈ പിടിച്ചു ഉയർത്തി കൊണ്ട് വരിക എന്നുള്ളത്.

റാങ്ക് കിട്ടിയതിന്റെ ഭാഗമായി കോളജിൽ നല്ലൊരു അനുമോദന ചടങ്ങും കൂടി ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം സന്തോഷം പ്രകടിപ്പിച്ചു.

സ്വന്തം നാടിന്റെ വകയും ഒരു ചെറിയ രീതിയിൽ അനുമോദന ചടങ്ങും ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് ഭാവി ഇനി എന്താണ് ചെയ്യേണ്ടത് എന്ന തീരുമാനത്തിൽ എത്താൻ വേണ്ടി എല്ലാവരും ഒത്തുകൂടി.

ആ സമയത്ത് ദേവദത്തൻ വല്ലാതെ ദേഷ്യപ്പെട്ടു കണ്ടൂ. ദുർഗ്ഗക്കും ഭദ്രക്കും ഒരുപാട് ചീത്ത കേട്ടു. എന്തിനാ ഇത്രക്ക് ദേഷ്യം എന്ന് ആർക്കും മനസിലായില്ല. ഒരുവേള ദുർഗ്ഗയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ശിവൻ ദേവദത്തന്റെ അടുത്തെത്തി.

“എന്താടാ നിന്റെ പ്രശ്നം…എന്തോ വലിയ ടെൻഷൻ ഉണ്ടല്ലോ നിനക്ക് അല്ലാതെ നീയിത്ര ദേഷ്യപ്പെട്ടു കണ്ടിട്ടില്ല”.

പകരം മറുപടി പോലെ ദേവദത്തൻ തീ പാറുന്ന നോട്ടവും ശിവനുമേൽ നോക്കി.

“നമ്മൾ എന്തിനാ ഈ നിമിഷം ഇവിടെ കൂടി ഇരിക്കുന്നത്”

“അത്…നമ്മൾ അടുത്തത് ഇനി എന്ത് ചെയ്യുമെന്ന് കൂടി ആലോചിക്കാൻ.. മുൻപും അങ്ങനെ തന്നെ ആയിരുന്നില്ലേ”

“ആരുടെ ഭാവി ”

“നീ എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ…നമ്മുടെ തന്നെ അല്ലാതെ വേറെ ആരുടെ”

“നമ്മുടെ അല്ല…എന്റെയും കിച്ചുവിന്‍റെയും…നിൻറെ ഭാവി ഇതല്ലേ”

അതും പറഞ്ഞു ദേവദത്തൻ ഒരു envelop എടുത്തു ശിവന് നേരെ നീട്ടി.

അത് നോക്കിയ ശിവന്റെ മുഖം വിളറി…

ശിവൻ വാക്കുകൾക്ക് വേണ്ടി മനസ്സിൽ തപ്പി നടന്നു.

“നീയെന്താ ഒന്നും മിണ്ടാത്ത ശിവ… എന്നുമുതൽ ആണ് നമുക്കിടയിൽ രഹസ്യങ്ങൾ വന്നു തുടങ്ങിയത്. ഊണിലും ഉറക്കത്തിലും എവിടെയും നിൻറെ മനസ്സിനൊപ്പം ഞാനും ഉണ്ടായിരുന്നില്ലേ. എന്നിട്ടും… എന്നിട്ടും ഇതുമാത്രം നിയന്താ എന്നിൽ നിന്നും മറച്ചു വെച്ചത്. ഇതല്ലല്ലോ ഡാ നീ കണ്ട സ്വപ്നം”

“ദത്ത ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു.”

“ഇത് കിട്ടി കഴിഞ്ഞിട്ടാണോ ടാ നീ എന്നോട് പറയേണ്ടത്. ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാനും ഉണ്ടാകുമായിരുന്നില്ലെ നിൻറെ കൂടെ”

ഇവരുടെ ബഹളം കേട്ടു കൊണ്ടാണ് കിച്ചുവും മറ്റുള്ളവരും അവരുടെ അടുത്തേക്ക് എത്തിയത്.

“എന്ത ശിവ..ദത്തൻ എന്ത ഇത്രയ്ക്ക് ദേഷ്യപ്പെടുന്നത്”.

“നീ ഇത് കണ്ടോ കിച്ചു “.

ശിവൻറെ കൈയിലിരിക്കുന്ന എൻവലപ്പ് ലേക്ക് കിച്ചുവിൻറെ നോട്ടം വീണു. കിച്ചു ഒരു പകപ്പോടെ ശിവനെ നോക്കി. പിന്നെ ദത്തനെയും.

കിച്ചുവിൻറെയും ശിവന്റെയും തമ്മിലുള്ള നോട്ടം കണ്ടപ്പോൾ തന്നെ ദേവദത്തനു മനസ്സിലായി കിച്ചുവും അറിഞ്ഞുകൊണ്ടാണ് ഇത്.

“എന്താ ഇവിടെ നടക്കുന്ന എന്തിനാ നിങ്ങൾ ഇങ്ങനെ ബഹളം വയ്ക്കുന്നത്”.

അവരുടെ സംസാരം കേട്ട് ബാല മാമയും മറ്റുള്ളവരും അവർക്കരികിലേക്ക് എത്തി.
ദേവദത്തൻ തന്നെ പറഞ്ഞുതുടങ്ങി ശിവൻ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിന്നു.

“ഹയർ സ്റ്റഡീസിന് ശിവന് ഡൽഹിയിൽ പോകണം പോലും അവിടെ തന്നെ ഉള്ള ഒരു കോച്ചിംഗ് സെൻറർ തപ്പിപ്പിടിച്ചു വച്ചിട്ടുണ്ട് സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി”.

എല്ലാവർക്കും അതിശയമായി കാരണം അങ്ങനെയൊരു മോഹം ആയിരുന്നില്ല ശിവൻറെ.

“എൻറെ ഉള്ളിൽ സിവിൽ സർവീസ് എന്ന ഒരു ലക്ഷ്യവും ആഗ്രഹവും കുത്തി നിറച്ചത് നീയാണ് ശിവ . പിന്നെ നിൻറെ തീരുമാനമായിരുന്നില്ലെ ഹയർ സ്റ്റഡീസ് നമ്മുടെ നാട്ടിൽ തന്നെ ചെയ്യണം എന്നുള്ളത്. ഒപ്പംതന്നെ ഒരു കോച്ചിംഗ് സെൻറർ പോലും പോകാതെതന്നെ ഒരുമിച്ചുള്ള പരിശീലനം അതായിരുന്നല്ലോ നമ്മുടെ തീരുമാനം. നമ്മുടെ നാട്ടിലെ തന്നെ മറ്റ് സുഹൃത്തുക്കൾക്കുവേണ്ടി വായനശാലയിൽ ഒരു പി എസ് സി ക്കോച്ചിങ് ക്ലാസ് അത് നമ്മൾ തന്നെ എടുത്തു കൊടുക്കും അതിലൂടെ നമ്മൾ പഠിക്കും നമ്മുടെ കൂട്ടുകാരെയും നമ്മുടെ തന്നെ ഉയരങ്ങളിലേക്ക് എത്തിക്കണമെന്ന് നീ തന്നെയല്ലേ പറയാറ് അതായിരുന്നു നമ്മുടെ സ്വപ്നം”.

“എന്നും ഒരേ ചിന്തയും ഒരേ സ്വപ്നവുമായി നടന്ന നമുക്കിടയിൽ എന്നുമുതലാണ് നീ മാറി ചിന്തിച്ചു തുടങ്ങിയത് എന്നുമുതലാണ് നിനക്ക് വേറെ സ്വപ്നങ്ങൾ ഉണ്ടായത്”

ശിവൻ മറുപടിയില്ലാതെ നിന്നു.ഒരു സഹായത്തിനു എന്ന പോലെ അവൻ കിച്ചുവിനേ നോക്കി.കിച്ചു അവനെ കണ്ണുകൾ കൊണ്ട് സമാധാനിപ്പിച്ചു.

“ദത്ത അവൻ പോകുന്നെങ്കിൽ പോകട്ടെ…വരുമല്ലോ…നമ്മൾ ഇല്ലെ ഇവിടെ…”

കിച്ചുവിനെ പറയാൻ സമ്മതിക്കാതെ ദേവദത്തൻ കൈ ഉയർത്തി തടഞ്ഞു.

“ഇതുവരെ നമ്മൾ എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു.പക്ഷേ ഇപ്പോ ഈ നിമിഷം ഞാൻ മനസ്സിലാക്കി എനിക്കു മാത്രമേ അങ്ങനെ ഒരു ചിന്തയുള്ളു.നമുക്കിടയിൽ നിങ്ങളും ഞാനും ഒക്കെയായി മാറി അതുകൊണ്ടാണല്ലോ നീ അറിഞ്ഞിട്ടും എന്നോട് ഒന്നും പറയാതിരുന്നത് ഇനിയുമുണ്ടോ ഞാൻ അറിയാത്ത രഹസ്യങ്ങൾ”

അത് കേട്ടതും ശിവൻ ഒരു പകപ്പോടെ ദത്തന്റെ മുഖത്ത് നോക്കി.

ശിവൻറെ മുന്നിലൂടെ പുറത്തേക്ക് പോകാൻ ആഞ്ഞ ദേവദത്തന്റെ കൈകളിൽ അവൻ മുറുകെ പിടിച്ചു ശിവൻറെ കൈതട്ടിമാറ്റി കൊണ്ട് ദേവദത്തൻ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി. ഇതൊക്കെ കണ്ടു നന്ദുവും ദുർഗയും ഭദ്രയും കണ്ണുനീർ നിറചു നിന്നു. ആരും പരസ്പരം ഒന്നും സംസാരിച്ചില്ല ഒന്നും ചോദിച്ചതുമില്ല.

ദിവസങ്ങൾ വേഗത്തിൽ പോയിക്കൊണ്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ശിവന് ഡൽഹിയിൽ പോകണം. ദേവദത്തൻ ഇതുവരെയും അവനോടു മിണ്ടാൻ പോലും കൂട്ടാക്കിയില്ല. കിച്ചുവിനോടും പിണങ്ങി നടക്കുകയാണ്. നന്ദുവും കൂട്ടരും പരമാവധി ശ്രമിച്ചു നോക്കി അവർക്കിടയിലെ പരിഭവം തീർക്കാൻ. ദേവദത്തൻ ദേഷ്യപ്പെട്ടു ഓടിച്ചു വിട്ടത് അല്ലാതെ ഒന്നും നടന്നില്ല. അച്ഛന്മാർ ആണെങ്കിലോ അവർ തമ്മിലുള്ള പ്രശ്നം അവരായി തന്നെ തീർക്കുമെന്ന് പറഞ്ഞു ഒഴിഞ്ഞു.

അവർക്ക് കോളജിൽ നിന്നും കുറച്ചു certificates വാങ്ങി കേണ്ട ദിവസം കിച്ചുവും ശിവനും ഒരുമിച്ചാണ് എത്തിയത്. അവർ എത്തും മുന്നേ ദേവദത്തൻ ഒറ്റക്ക് വന്നിരുന്നു. അവൻറെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരെല്ലാം ഒരു ചിരിയിൽ ഒതുക്കി. അവനു ദേഷ്യം ഉള്ളപ്പോൾ എന്തെങ്കിലും ചോദിച്ചാൽ നല്ലത് കേൾക്കും മെന്ന് അവർക്കെല്ലാം നന്നായി അറിയാം.
കാശിയും കൂട്ടരും കൂടി ഉണ്ടായിരുന്നു അവിടെ. കാശിയും അവൻറെ ശിങ്കിടികളും അതിശയിച്ചുപോയി ത്രിമൂർത്തികൾ വേറെ വേറെ നിൽക്കുന്നത് കണ്ടു.

കാശിക്കു അതിന്റെ കാരണം അറിയാൻ തിടുക്കമായി. അവൻ അവന്റെ കൂട്ടത്തിലെ ഒരു ശിങ്കിടിയെ തന്നെ പറഞ്ഞു വിട്ടു കാരണം അറിയാൻ. അവൻ ആണെങ്കിലോ നേരെ ദേവദത്തന്റെ അടുത്ത് ചെന്ന് ചോദിച്ചു.

“അല്ല ദത്ത നിങ്ങളു മൂന്നാളും തല്ലി പിരിഞ്ഞോ… ഇങ്ങനെ ഒരു നിൽപ് ഇതുവരെ കണ്ടിട്ടില്ലാത്ത….”

ചോദ്യം പൂർത്തീകരിക്കും മുന്നേ അവൻറെ മൂക്കിൽ നിന്നും ചോര വന്നിരുന്നു. നോക്കുമ്പോൾ ദേവദത്തൻ അവൻറെ ഇടതു മുഷ്ടി ചുരുട്ടി പിടിച്ചു കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്നു.

ഇനിയും ഇടപെട്ടില്ലെങ്കിൽ രംഗം പന്തിയല്ല എന്ന് മനസ്സിലാക്കി ശിവൻ കിച്ചുവിന്റെ തോളിൽ കൈ അമർത്തി. കിച്ചു വേഗം ചെന്ന് ദേവദത്തനെ പിടിച്ചു മാറ്റി.

“അവൻറെ കയ്യിൽ നിന്നും തല്ല് കിട്ടി ചാകണ്ട എങ്കിൽ മോൻ ചെല്ല്”…കിച്ചു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവനെ പിടിച്ച് മാറ്റി കൊണ്ട് പോയി.

ശിവൻ മനപൂർവ്വം പോയില്ല കാരണം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story