പിറന്നാൾ മരം ഇന്ദുചൂഡൻ പുരസ്‌കാരം 2020 ബൈജു കെ വാസുദേവന്

പിറന്നാൾ മരം ഇന്ദുചൂഡൻ പുരസ്‌കാരം 2020 ബൈജു കെ വാസുദേവന്

പ്രശസ്ത പക്ഷിനിരീക്ഷകനും കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവുമായ ഇന്ദുചൂഡന്റെ (കെ കെ.നീലകണ്ഠൻ) സ്മരണാർത്ഥം പിറന്നാൾ മരം കൂട്ടായ്മ നൽകുന്ന രണ്ടാമത്തെ പിറന്നാൾ മരം ഇന്ദുചൂഡൻ പുരസ്‌ക്കാരത്തിനായി ബൈജു കെ വാസുദേവനെ തെരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നൽകുക. 10,001 രൂപയും ബഹുമതി പത്രവും, ശിൽപി ‘കോലഴി പുതിയേടത്തു നാണുക്കുട്ടൻ ആചാരി’ രൂപകല്പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. അഞ്ചംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

പിറന്നാൾ മരം ഇന്ദുചൂഡൻ പുരസ്‌കാരം 2020 ബൈജു കെ വാസുദേവന്

‘കാട് അറിഞ്ഞ മൂപ്പൻ’ എന്ന് എല്ലാവരും സ്‌നേഹപൂർവ്വം വിളിക്കുന്ന ബൈജു.കെ.വാസുദേവൻ പ്രകൃതിയും കാടും, കാട് നിലനിൽക്കേണ്ടതിന്റെ പ്രസക്തി, സാധാരണക്കാരായ ജനങ്ങളിലേക്ക് തന്റെ അനുഭവങ്ങൾ ചേർത്തു വെച്ച് നടത്തിയ ഒട്ടനവധി ക്ലാസുകൾ, പ്രഭാഷണങ്ങൾ, വിദ്യാര്ഥികളുമായുള്ള കാടനുഭങ്ങൾ പങ്കുവെക്കൽ, അതിരപള്ളി കാടുകളുടെ സംരക്ഷണത്തിനായി നടത്തിയ ശ്രമങ്ങൾ, പക്ഷി നിരീക്ഷകൻ, അച്ഛനെ നഷ്ടപ്പെട്ട വേഴാമ്പൽ പക്ഷികുഞ്ഞുങ്ങൾക്ക് നാഥനായി ഭക്ഷണമെത്തിച്ചു കാവലായി ഇരുന്ന സംഭവം, കാടിന്റെ തിരുശേഷിപ്പുകൾക്ക് കാവലാളായി നടത്തിയ ഇത്തരം ഒട്ടേറെ ശ്രമങ്ങൾ ആണ് പുരാകാരത്തിനായി തെരെഞ്ഞെടുക്കാൻ കാരണമെന്ന് ജൂറി വ്യക്തമാക്കി

ഹാമിദലി വാഴക്കാട് (അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, സഞ്ചാരി), മനൂപ് ചന്ദ്രൻ (ഫോട്ടോ ഗ്രാഫർ, സാമൂഹ്യ പ്രവർത്തകൻ), ബഹിയ (പരിസ്ഥിതി പ്രവർത്തക, അധ്യാപിക), രഞ്ജിനി (പരിസ്ഥിതി പ്രവർത്തക, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥ), നവനീത് (പരിസ്ഥിതി പ്രവർത്തകൻ, ഫാം & ഗാർഡൻ ഡിസൈനർ) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

പിറന്നാൾ മരം ഇന്ദുചൂഡൻ പുരസ്‌കാരം 2020 ബൈജു കെ വാസുദേവന്

ഓൺലൈൻ വഴി നടന്ന പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ സീനത്ത് കോക്കൂർ സ്വാഗതം പറഞ്ഞു. രഞ്ജിനി അദ്ധ്യക്ഷയായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ കെപികെ വെങ്ങര പ്രഖ്യാപനം നടത്തി. ഫൈസൽ ബാവ വിവരണങ്ങൾ നൽകി. ജൂറി അംഗങ്ങൾക്ക് വേണ്ടി ബഹിയ, മനൂപ് ചന്ദ്രൻ എന്നിവർ സാംസരിച്ചു. ഗിന്റോ എ പുത്തൂർ നന്ദി പറഞ്ഞു.

2019 ജൂൺ 16നാണ് പിറന്നാൾ മരത്തിന്റെ പ്രിയ കൂട്ടുകാരൻ ബൈജു കെ വാസുദേവൻ ഒരു അപകടത്തിൽ മരണമടഞ്ഞത്. അതിനാൽ മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം നൽകുകയെന്നും, കോവിഡ് കാലഘട്ടത്തിൽ പൊതു പരിപാടികൾ നടത്താൻ ആകാത്തതിനാൽ ബൈജുവിന്റെ കുടുംബത്തിന് നേരിട്ട് വീട്ടിൽ എത്തിക്കുമെന്നും ബൈജുവിന്റെ കുടുംബത്തെ ചേർത്ത് നിർത്താൻ അവരുടെ വേദനകളിൽ പങ്കുചേരാൻ പിറന്നാൾ മരം കൂട്ടായ്മ എന്നുമുണ്ടാകുമെന്നും പിറന്നാൾ മരം കൂട്ടായ്മക്ക് വേണ്ടി ഫൈസൽ ബാവ അറിയിച്ചു.

Share this story