“കരുനിർത്തിയ കഥയും – കുറ്റിപ്പുറം പാലവും” നാട്ടുനോവുകളുടെ ഭാവ ഗായകൻ – ജിതേഷ് കക്കിടിപ്പുറം

“കരുനിർത്തിയ കഥയും – കുറ്റിപ്പുറം പാലവും” നാട്ടുനോവുകളുടെ ഭാവ ഗായകൻ – ജിതേഷ് കക്കിടിപ്പുറം

Article By: – നസീം ഖാൻ. എം 


        

ഹൃദയാർദ്രമായ നാടൻപാട്ടുകൾ എഴുതുകയും ഭാവസാന്ദ്രമായി ആലപിക്കുകയും ചെയ്‌തിരുന്ന ജിതേഷ് കക്കിടിപ്പുറത്തിനു ആദരാഞ്ജലികൾ. കരൾ സംബദ്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ വെച്ച് മരണപ്പെടുകയായിരുന്നു.

‘കൈതോല പായ വിരിച്ചു… , പാലോം പലോം നല്ല നടപ്പാലം…  തുടങ്ങിയ പാട്ടുകൾ അദ്ദേഹത്തിന്റേതായിരുന്നു.  മലയാളികൾ കൊണ്ടുനടന്ന പല നാടൻ പാട്ടുകളുടെയും എഴുത്തുകാരനായിരുന്നെങ്കിലും നീണ്ട 26 വർഷങ്ങൾക്കു ശേഷമാണ് ആസ്വാദകർ ഇക്കാര്യം തിരിച്ചറിഞ്ഞത്.

നാടോടി വിജ്ഞാനീയത്തിലെ (Folkloristics) ശ്രദ്ധേയമായ വിഭാഗമാണ് നാടൻ പാട്ടുകൾ. ഏതൊരു നാട്ടിലേയും, ചരിത്രത്തിൽ എവിടെയും ഉൾപ്പെടാതെ പോകുന്ന കീഴാള-നിമ്‌ന വിഭാഗങ്ങളുടെ സ്വാഭാവിക ജീവതാള ക്രമങ്ങളും / താളഭംഗങ്ങളും തനതായ വാമൊഴിവഴക്കത്തോടെ രേഖപ്പെടുത്തി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് അതിൻറെ പ്രധാന പ്രത്യേകത. സൂക്ഷ്‌മമായി പരിശോധിച്ചാൽ ഇന്ന് വരേയും ചർച്ച ചെയ്യാതെ, അറിയാതെ പോകുന്ന ഒട്ടനവധി കാര്യങ്ങൾ അതിൽ ഉൾപ്പെട്ടതായി കാണാൻ കഴിയും. ഒരു നാടിൻറെ ചരിത്ര-സാംസ്‌ക്കാരിക-സാമൂഹിക-സാമ്പ്രദായിക ഗവേഷണ പഠനത്തിനുള്ള മികച്ച ഉപാധി തന്നെയാണ് നാടൻ പാട്ടുകൾ.

“കരുനിർത്തിയ കഥയും – കുറ്റിപ്പുറം പാലവും” നാട്ടുനോവുകളുടെ ഭാവ ഗായകൻ – ജിതേഷ് കക്കിടിപ്പുറം

പഴയ പാട്ടുകളും പഴയ താള-ഭാഷാ ഭംഗിയിൽ എഴുതപ്പെടുന്ന പുതിയ പാട്ടുകളും നാടൻപാട്ടുകളുടെ ഗണത്തിൽപെടുന്നുണ്ട്. അനുഷ്ഠാന-ഭക്ത-സാഹിത്യ ശ്രേണികൾ (തെയ്യം , തോറ്റംപാട്ട് ) , ഇതിഹാസ-വീരഗാഥ കഥനമുൾക്കൊള്ളുന്ന (പാണൻ പാട്ടുകൾ ) തുടങ്ങിയവയാണ് നാടൻ പാട്ടുകളിലേറെയും. പുതിയ കാലത്ത് കേട്ടറിവില്ലാത്ത പഴയ നാട്ടറിവുകളോ പഴയ വാക്കുകളോ  ഉൾകൊള്ളുന്ന പാട്ടുകൾ ചരിത്രത്തത്തെ സവിശേഷമായി രേഖപ്പെടുത്തുന്നുണ്ട്.

ഇവിടെയാണ് ജിതേഷ് കക്കിടിപ്പുറമെന്ന നടൻ പാട്ടെഴുത്തുകാരൻ  ശ്രദ്ധേയനാകുന്നത്.  കണ്ണീരുപ്പിൻറെ നനവറിയാതെ നന്മയുള്ളവർക്കു കേൾക്കാൻ കഴിയാത്ത ഒരു നാടൻ പാട്ട് ജിതേഷ് എഴുതി ആലപിച്ചിട്ടുണ്ട്. (ലിങ്ക് കമ്മന്റ് ബോക്സിൽ). “കരുനിർത്തുക” എന്നൊരു വാഗ് പ്രയോഗം അതിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. പുഴയ്ക്ക് കുറുകേ പാലം പണിയുമ്പോൾ തൂണുറയ്ക്കാൻ ജീവനോടെ ഒരാളെ വെള്ളത്തിൽ മുക്കി ഉറപ്പിച്ചു കുല ദൈവത്തിനു ബലി നൽകുന്ന നാട്ടാചാരത്തിൻറെ പേരാണത്…!!  അന്നത്തെ  തമ്പ്രാൻറെ കൽപനകളെ തള്ളാൻ കഴിയാതപോയ കീഴാള വർഗ്ഗങ്ങളുടെ സങ്കടങ്ങൾ ആ വാക്കിലൂടെ ഇന്ന് ചരിത്രത്തിൽ പുതുതായി രേഖപ്പെടുത്തുന്നു. “കരുനിർത്തുക” എന്നൊരു പ്രയോഗം മലയാള നിഘണ്ടുവായ  ‘ശബ്‌ദ താരാവലിയിലില്ല..! അക്ഷരം പഠിക്കാനോ വായിച്ചു വളരാനോ കഴിഞ്ഞവരുടെ സ്വാഭാവിക ജീവിതവഴിക്രമത്തിലൂടെയല്ല ആ വാക്ക് വന്നത് എന്നതാകാം കാരണം. അവിടെയാണ് ഈ പാട്ടിൻറെ പ്രസക്തി.

ഒരു കാലത്തു നിലനിന്ന ഒരനീതിയെ അതിൻറെ എല്ലാ തീവ്രനൊമ്പരങ്ങളും ആവാഹിച്ചു ഒരോർമ്മപ്പെടുത്തൽ പോലെ പുതിയ കാലത്തിലേക്ക്  നീക്കി നൽകുന്നു. തീർച്ചയായും അത് ഇനി ഒരു രേഖപ്പെടുത്തിയ അറിവായി ഭാവിയിലേക്ക് പടർന്നു മുന്നേറും.  ഇത്തരത്തിൽ ഒരുപാട് പ്രയോഗങ്ങൾ ജിതേഷിന്റെ നാടൻ പാട്ടുകളിൽ കാണുന്നുണ്ട്. അദ്ദേഹത്തെ കുറച്ച് കൂടി മുന്നേ തിരിച്ചറിയേണ്ടിയിരുന്നു നാം ഉപയോഗപ്പെടുത്തേണ്ടിയിരുന്നു.

കുറ്റിപുറം പാലത്തിനടുത്തു സുഹൃത്തുക്കളോടുത്തിരിക്കുമ്പോൾ കൂട്ടത്തിൽ ആരോ അദ്ദേഹത്തോട് പറഞ്ഞതാണ് പാലത്തിനായി ‘കരു നിർത്തിയ’ കാലത്തിന്റെ കഥ. അതിൽ ഭാവന ചേർത്താണ് അദ്ദേഹം ഈ നാടൻ പാട്ടെഴുതിയത്. അത് കൊണ്ട് തന്നെ ഭാരത സ്വാതന്ത്ര്യ കാലത്തു പണിഞ്ഞ ഇപ്പോഴും നിലനിൽക്കുന്ന കുറ്റിപ്പുറം പാലത്തെ പറ്റിയാണ് ഈ ‘കരുനിർത്തിയ’ കാര്യമുണ്ടായത് എന്ന മട്ടിൽ ചില കഥകൾ അവിടെ പരക്കുന്നുണ്ട്. പക്ഷേ ആകാൻ തരമില്ല. കൗതുകമുള്ള മറ്റൊരു കാര്യം ഈ കുറ്റിപ്പുറം പാലത്തെ പറ്റി മഹാകവി ഇടശ്ശേരിയും കവിത എഴുതിയിട്ടുണ്ട്.

23 ലക്ഷം രൂപയ്ക്ക് അന്ന് പണിഞ്ഞ പുതിയ പാലത്തിന്റെ മുകളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രകൃതി വീക്ഷണമാണ് സാരാംശം. അവിടെ ‘കരു നിർത്തിയ’ ഒരു കഥ അദ്ദേഹവും അറിഞ്ഞിട്ടില്ല. മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ‘പൂതപ്പാട്ട്’ എഴുതിയ ഇടശ്ശേരിയാണ് എന്നോർക്കണം. നാട്ടറിവിനു പല വഴിയുണ്ട്. നാടൻ പാട്ടിലെ അറിവിനും. അറിവ് കണ്ടെത്തി പകർത്തുന്നവർ കാലാതീതരാകും. ഏതായാലും കുറ്റിപ്പുറം പാലം കടക്കുമ്പോൾ ഇടശ്ശേരിയേയും ‘കരുനിർത്തിയ’ പാട്ട് പാടിയ ജിതേഷിനെയും ഇനിയും  കാലം ഓർമിക്കട്ടെ.

“കരുനിർത്തിയ കഥയും – കുറ്റിപ്പുറം പാലവും” നാട്ടുനോവുകളുടെ ഭാവ ഗായകൻ – ജിതേഷ് കക്കിടിപ്പുറം

Share this story