വരുന്നൂ ജനപ്രിയ കാർ ‘ടാറ്റ സിക്ക’

വരുന്നൂ ജനപ്രിയ കാർ ‘ടാറ്റ സിക്ക’

സാധാരണക്കാരന് ധാരാളം പുതുമകളും സാങ്കേതിക മികവുകളും രൂപഭംഗിയുമൊക്കെയുള്ള കാർ. അതാണ് ടാറ്റ സിക്ക. ടാറ്റയുടെ ജനപ്രിയ കാറായിരുന്ന ഇൻഡിക്കക്കു പകരം പുറത്തിറങ്ങുന്ന സിക്ക അടുത്തവർഷം ജനുവരിയിൽ വിപണിയിൽ എത്തും. സിക്കയുടെ ചിത്രങ്ങൾ ടാറ്റ ഔദ്യോഗികമായി പുറത്ത് വിട്ടു. സെസ്റ്റും ബോൾട്ടും പോലെതന്നെ സ്‌പോർട്ടി രൂപമുള്ള കാറാണ് സിക്കയും. എബിഎസ് ഇബിഡി, ഡ്യുവൽ എയർ ബാഗുകൾ, സ്റ്റിയറിങ്ങിൽ ഓഡിയോ ഫോൺ കൺട്രോൾ, അലോയ് വീലുകൾ, റിയർ പാർക്കിങ് സെൻസർ, റിയർ വൈപ്പർ തുടങ്ങിയ ഫീച്ചറുകൾ പുതിയ മോഡലിൽ ഉണ്ടാകും. പെട്രോൾ, ഡീസൽ എഞ്ചിൻ വകഭേദങ്ങളിൽ കാർ പുറത്തിറങ്ങും.

ഏറെനാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും ഒടുവിൽ ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് കാർ സിക്ക വിപണിയിലെത്തുമ്പോൾ ബ്രാണ്ട് അംബാസിഡറായി എത്തുന്നത് ലോകപ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിയാണ്.

ഉള്ളത് എന്തെല്ലാം? 1.05 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എൻജിന് 67 ബിഎച്ച്പി കരുത്ത് പ്രതീക്ഷിക്കുന്നു. മൈലേജ്: ലിറ്ററിന് 25 കിലോമീറ്റർ പ്രതീക്ഷിക്കുന്നു
അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്‌സും ഓട്ടൊമേറ്റഡ് മാന്വൽ ട്രാൻസ്മിഷനും സിക്കയ്ക്ക് ലഭ്യമാകും. മാരുതി ഓൾട്ടൊ കെ 10, റെനോ ക്വിഡ്, ഹ്യുണ്ടായി ഐ 10, മാരുതി വാഗൺ മോഡലുകളോടാണ് സിക്ക വിപണിയിൽ ഏറ്റുമുട്ടുക. മൂന്ന് നാല് ലക്ഷത്തിന് ഇടയിലായിരിക്കും വിലയെന്നും പറയുന്നു. കൈറ്റ് രഹസ്യപേരിലാണ് സിക്കയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപ്പി, കാർ എന്നീ വാക്കുകളിലെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് സിക്ക എന്ന പേരുണ്ടായത്.
ആഡംബരം: ആഡംബര കാറുകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്ന ഉൾവശമാണ് സിക്കയ്ക്ക്. പ്രീമിയം ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ദർശിക്കാനാവുന്നത് ആഡംബരം. പ്രായോഗികതയ്ക്കു മുൻതൂക്കമുണ്ടെന്ന് തെളിയിക്കുമാറ് 22 സ്‌റ്റോറേജ് ഇടങ്ങൾ. 240 ലീറ്റർ ഡീക്കി. ഷോപ്പിങ് ബാഗുകൾ തൂക്കിയിടാൻ ഹുക്കുകൾ എന്നിങ്ങനെ എല്ലാ പ്രായോഗികതയും സിക്കയിൽ നടപ്പാകുന്നു.

Share this story