ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു; ഹീറോ മോട്ടോകോര്‍പ്പുമായി വിതരണ കരാര്‍ ഒപ്പുവച്ചു

ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു; ഹീറോ മോട്ടോകോര്‍പ്പുമായി വിതരണ കരാര്‍ ഒപ്പുവച്ചു

ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്സണുമായി വിതരണ കരാര്‍ ഒപ്പു വച്ചതായി ഹീറോ മോട്ടോകോര്‍പ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിതരണ ഉടമ്പടി പ്രകാരം, ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ ബൈക്കിന്റെ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ജനറല്‍ മര്‍ച്ചന്‍ഡൈസ് റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ബ്രാന്‍ഡ് എക്‌സ്‌ക്ലൂസീവ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ഡീലര്‍മാരുടെയും ഹീറോയുടെ നിലവിലുള്ള ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും വില്‍ക്കും.

ലൈസന്‍സിംഗ് കരാറിന്റെ അടിസ്ഥാനത്തില്‍, ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡ് നാമത്തില്‍ നിരവധി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഇന്ത്യയിലെ ബിസിനസ്സ് മോഡല്‍ മാറ്റുന്നതിനായി സെപ്റ്റംബറില്‍ ‘ദി റിവയര്‍’ പദ്ധതി പ്രകാരം ഹാര്‍ലി പുതിയ ബിസിനസ് നടപടികള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍.

ഈ ക്രമീകരണം ഇരു കമ്പനികള്‍ക്കും പരസ്പരം പ്രയോജനകരമാണ്. കാരണം ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡിനെ ശക്തമായ വിതരണ ശൃംഖലയും ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപഭോക്തൃ സേവനവും ഒരുമിച്ച് കൊണ്ടുവരുന്നതാണ് പുതിയ കരാര്‍. ഈ വര്‍ഷം ആദ്യം, ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍, ഹാര്‍ലി ഡേവിഡ്സണുമായി ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി ഒരു കരാറിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

സെപ്റ്റംബറില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ കമ്പനി ഇന്ത്യ വിടാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ 11 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, ആഗോള പുന:സംഘടന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വില്‍പ്പന, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണെന്ന് ഹാര്‍ലി വ്യക്തമാക്കി. കമ്പനിയുടെ ചില പദ്ധതികളുടെ ഭാഗമായി ചില വിപണികളില്‍ നിന്ന് പുറത്തുകടക്കുന്നതായി കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു. നഷ്ടമുണ്ടാക്കുന്ന വിപണികളില്‍ നിന്ന് പിന്മാറുകയും യുഎസ്, യൂറോപ്പ്, ഏഷ്യാ പസഫിക് ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു കമ്പനിയുടെ ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയില്‍, ഉല്‍പാദനവും വില്‍പനയും കുത്തനെ കുറഞ്ഞു വരികയാണ്. ഇന്ത്യന്‍ ഉല്‍പാദനത്തിന്റെ അളവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 11,753 യൂണിറ്റില്‍ നിന്ന് 4,533 യൂണിറ്റായി കുറഞ്ഞു. വില്‍പ്പന 4,708 യൂണിറ്റില്‍ നിന്ന് 2,470 യൂണിറ്റായി കുറഞ്ഞു. സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്നാം പാദത്തില്‍ മോട്ടോര്‍സൈക്കിളുകളും അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമുള്ള വരുമാനം 964 മില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 1.07 ബില്യണ്‍ ഡോളറായിരുന്നു.

പ്രീ മാര്‍ക്കറ്റ് ട്രേഡിംഗില്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നു. ചെലവ് ചുരുക്കാനും മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോചെന്‍ സീറ്റ്‌സിന്റെ നീക്കങ്ങള്‍ ഓഹരി വില ഉയരാന്‍ കാരണമായി. അതേസമയം, ഹാര്‍വി-ഡേവിഡ്സണ്‍ ചൊവ്വാഴ്ച ത്രൈമാസ വരുമാനത്തില്‍ 9.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോള മോട്ടോര്‍ സൈക്കിള്‍ ഡിമാന്‍ഡ് ഇതുവരെ കരകയറിയിട്ടില്ല എന്നതിന്റെ സൂചനയാണിത്.

Share this story