ഉപഭോക്താവിന്റെ നട്ടെല്ലൊടിക്കാൻ ജിയോ; ഇനി റിങ് ചെയ്യുന്നതുമുതൽ പണം നൽകണം

ഉപഭോക്താവിന്റെ നട്ടെല്ലൊടിക്കാൻ ജിയോ; ഇനി റിങ് ചെയ്യുന്നതുമുതൽ പണം നൽകണം

വോയ്‌സ് കോളുകൾക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരമായി നൽകും

ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയുമായി ജിയോ. വോഡഫോൺ, എയർടെൽ നെറ്റ് വർക്കുകളിലേക്കുള്ള ഫ്രീ വോയ്സ് കോൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വളർച്ച നേടികൊണ്ടിരിക്കുന്ന റിലയൻസ് ജിയോ. ബി.എസ്.എൻ.എൽ, എയർടെൽ, ഐഡിയ തുടങ്ങിയ എല്ലാ നെറ്റ്വർക്കുകളിലേക്കും ഇനി വിളിക്കണമെങ്കിൽ ഫോൺറിങ് ചെയ്യുന്ന സമയം മുതൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോൾ കണക്ട് ആവുന്നതിന് മുമ്പുമുതൽ കമ്പനി പണം ഈടാക്കിത്തുടങ്ങും.

ട്രായ് ഐ.യു.സി ചാർജിനുള്ള പുതിയ നിബന്ധന കർശനമാക്കിയതോടെയാണ് ജിയോ ഉപഭോക്താക്കൾ കോളുകൾക്ക് മിനിറ്റിന് 6 പൈസ നൽകണമെന്ന നീക്കവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സ്വന്തം നെറ്റ്വർക്ക് വഴിയുള്ള വോയ്‌സ് കോളുകൾ സൗജന്യമായി തുടരും. നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

മറ്റ് നെറ്റ് വർക്കുകളിലെല്ലാം ഔട്ട്ഗോയിങ് കോളുകൾ ഇപ്പോഴും സൗജന്യമാണ്. അതേസമയത്താണ് റിങ് ചെയ്തുതുടങ്ങുന്നത് മുതലുള്ള സമയത്തെ പണം ഈടാക്കാൻ ജിയോ നീക്കം നടത്തുന്നത്. ആദ്യമായാണ് ജിയോ ഉപയോക്താക്കൾ വോയ്സ് കോളുകൾക്ക് പണം നൽകേണ്ടിവരുന്നത്. വോയ്‌സ് കോളുകൾക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരമായി നൽകുമെന്നാണ് ജിയോ ഉയർത്തുന്ന വാദം.

ഇതിന്റെ ഭാഗമായി ജിയോ പുതിയ താരിഫുകളും കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐ.യു.സി കോൾ ചെയ്യാൻ പത്ത് രൂപയുടെ ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി ഒരു ജിബി ഡാറ്റ സൗജന്യമായി നൽകും.

ജിയോയും എയർടെല്ലും തമ്മിലുള്ള കോൾ റിങ് സമയപരിധിയെ കുറിച്ചുള്ള വാഗ്വാദം തുടരുകയാണ്. ഒരു കോളിന് മറുപടി നൽകാനുള്ള പരമാവധി സമയം വെറും 20-25 സെക്കൻഡാക്കി കുറയ്ക്കുക എന്നതാണ് ജിയോയുടെ നിലപാട്. എന്നാൽ ഉപയോക്താക്കൾക്ക് അസൗകര്യമില്ലെന്നും മൊബൈൽ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കില്ലെന്നും ഉറപ്പാക്കാൻ 30 മുതൽ 70 സെക്കൻഡ് വരെ കൂടുതൽ സമയം റിങ് നിലനിർത്തണമെന്നാണ് എയർടെൽ അടക്കമുള്ള മറ്റു ഓപ്പറേറ്റർമാർ മുന്നോട്ടുവക്കുന്നത്.

Share this story