എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു; നീക്കം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്

എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു; നീക്കം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയില്‍ ടാറ്റാ സണ്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെയും ഇന്ത്യയിലെയും ബിസിനസുകള്‍ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും എയര്‍ ഏഷ്യ പ്രസ്താവനയില്‍ പറഞ്ഞു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി എയര്‍ ഏഷ്യ ജപ്പാന്‍ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. എയര്‍ ഏഷ്യ ഇന്ത്യ ചെലവ് ചുരുക്കല്‍ സംബന്ധിച്ച അവലോകനങ്ങള്‍ നടന്നു വരികയാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. സുസ്ഥിരവും ലാഭകരവുമായ ഭാവിക്ക് ശരിയായ അടിത്തറയിടുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഏറ്റവും പ്രചാരമുള്ളതും ലാഭകരവുമായ റൂട്ടുകളില്‍ മാത്രമാണ് ഇനി സര്‍വ്വീസുകള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കമ്പനി അറിയിച്ചു. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായിരിക്കുന്ന ആസിയാന്‍ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എയര്‍ ഏഷ്യ വ്യക്തമാക്കി.

ഇക്കാര്യം സംബന്ധിച്ച് എയര്‍ ഏഷ്യ ഇന്ത്യ, ടാറ്റ സണ്‍സ് എന്നിവയുടെ വക്താക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സിന് എയര്‍ ഏഷ്യ ഇന്ത്യയില്‍ 51% ഓഹരിയുണ്ട്. ബാക്കി 49% എയര്‍ ഏഷ്യ ഗ്രൂപ്പിന് സ്വന്തമാണ്. ജൂലൈയില്‍ എയര്‍ ഏഷ്യ തങ്ങളുടെ ഓഹരി വില്‍ക്കാന്‍ ടാറ്റാ ഗ്രൂപ്പിനെ സമീപിച്ചതായി മിന്റ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംയുക്ത സംരംഭത്തിന്റെ നിബന്ധനകള്‍ പ്രകാരം ടാറ്റാ സണ്‍സിന് ആദ്യം നിരസിക്കാനുള്ള അവകാശമുണ്ട്.

എന്നാല്‍ ടാറ്റയുമായുള്ള പങ്കാളിത്തത്തില്‍ നിന്ന് കാരിയറിന് പുറത്തുകടക്കാമെന്ന് എയര്‍ സിയ ബിഎച്ച്ഡി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ് വ്യക്തമാക്കി. എയര്‍ ഏഷ്യയുടെ പ്രധാന വിപണിയാണ് ആസിയാന്‍ മേഖല, ഇന്ത്യയും ജപ്പാനും ചെറിയ വിപണികളാണെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.

2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഒരിക്കലും വാര്‍ഷിക അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ പാദത്തില്‍ എയര്‍ ഏഷ്യയുടെ നഷ്ടം 332 കോടി രൂപയായി ഉയര്‍ന്നു. പ്രധാനമായും ലോക്ക്ഡൗണും മഹാമാരിയെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 15.11 കോടി രൂപയില്‍ നിന്ന് കുത്തനെയുള്ള വര്‍ധനവാണുണ്ടായത്.

മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ വിമാനക്കമ്പനികളെയാണ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) അഭിപ്രായത്തില്‍, ഇന്ത്യയും മലേഷ്യയും ഉള്‍പ്പെടെയുള്ള ഏഷ്യ-പസഫിക് മേഖലയിലെ വിമാനക്കമ്പനികളെയാണ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ വര്‍ഷം ഏകദേശം 29 ബില്യണ്‍ ഡോളര്‍ നഷ്ടം പ്രതീക്ഷിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ പ്രതീക്ഷിക്കുന്ന 84.3 ബില്യണ്‍ ഡോളര്‍ വ്യവസായ നഷ്ടത്തിന്റെ മൂന്നിലൊന്നാണ് ഇത്.

Share this story