തുറമുഖ മേഖലയില്‍ വലിയ നിക്ഷേപത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു ഗ്രൂപ്പ്

തുറമുഖ മേഖലയില്‍ വലിയ നിക്ഷേപത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു ഗ്രൂപ്പ്

അഹമ്മദാബാദ്: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കമ്പനികള്‍. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഗുജറാത്തില്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. ഗുജറാത്തിലെ തുറമുഖ മേഖലയില്‍ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്നാണ് ഇവരുടെ നിഗമനം. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ സജ്ജന്‍ ജിന്‍ഡാല്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദര്‍ശിക്കുകയും ചെയ്തു.

ഇന്ത്യന്‍ വിപണികള്‍ എല്ലാം തകര്‍ന്ന് കിടക്കുന്ന സന്ദര്‍ഭത്തില്‍ ഗുജറാത്തിലെ നിക്ഷേപം തന്ത്രപരമായ നീക്കം കൂടിയാണിത്. തുറമുഖ മേഖലയില്‍ ഇവര്‍ എന്ത് നിക്ഷേപമാണ് നടത്തുകയെന്ന് വ്യക്തമല്ല. ജിന്‍ഡാല്‍, സിഇഒ അരുണ്‍ മഹേശ്വരി, ബിസിനസ് ഹെഡ് ദേവകി നന്ദന്‍ എന്നവര്‍ അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗുജറാത്ത് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കൈലാസനാഥന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എംകെ ദാസ് എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നു.

അതേസമയം ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് സ്റ്റീല്‍, ഖനനം, ഊര്‍ജം, കല്‍ക്കരി, സ്പോര്‍ട്സ്, സോഫ്റ്റ്വെയര്‍ ബിസിനസ് എന്നിവയിലാണ് നിക്ഷേപമുള്ളത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല നിര്‍മാണ കമ്പനിയലാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. 11 കമ്പനി ഗ്രൂപ്പുകളിലായി 717 ബില്യണിന്റെ മൂല്യമാണ് കമ്പനിക്കുള്ളത്. ഗുജറാത്തിലേക്കുള്ള ഇവരുടെ വരവ് സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണായകമാകും.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിക്കും ജിന്‍ഡാല്‍ പിന്തുണ നല്‍കിയിരുന്നു. സ്റ്റീല്‍ വിപണിക്കായി ആഭ്യന്തര മാര്‍ക്കറ്റിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്ന് ജിന്‍ഡാല്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിക്കുമ്പോള്‍ ചൈനയുടെ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഇനിയും വാങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള പ്രശ്നത്തില്‍ പല ബിസിനസുകാരും ആശങ്കയിലാണ്. ഇത് വിലകുറഞ്ഞ നിലവാരമില്ലാത്ത സാധനം വാങ്ങുന്നത് കൊണ്ടാണ്. ഈ സമയം നമ്മള്‍ ആഭ്യന്തര വിപണി ശക്തമാക്കി സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.

Share this story