ജിയോയുടെ പരാതി അടിസ്ഥാനരഹിതം; ടെലികോം മന്ത്രാലയത്തിന് കത്തയച്ച് എയര്‍ടെല്‍

ജിയോയുടെ പരാതി അടിസ്ഥാനരഹിതം; ടെലികോം മന്ത്രാലയത്തിന് കത്തയച്ച് എയര്‍ടെല്‍

റിലയന്‍സ് ജിയോയുടെ പരാതി അടിസ്ഥാനരഹിതമാണ്, കേന്ദ്ര ടെലികം മന്ത്രാലയത്തെ അറിയിച്ചിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ ജിയോയുടെ നെറ്റ്‌വര്‍ക്ക് ടവറുകള്‍ തകര്‍ക്കാന്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രഹസ്യമായി പ്രക്ഷോഭകരെ സഹായിക്കുന്നതായി ജിയോ പരാതിപ്പെട്ടത് അടുത്തിടെയാണ്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് എയര്‍ടെല്‍ ശനിയാഴ്ച്ച വ്യക്തമാക്കി.

വിഷയത്തില്‍ എയര്‍ടെല്ലിന് പങ്കുണ്ടെന്ന് യാതൊരു തെളിവുമില്ലെന്ന് കമ്പനി മന്ത്രാലയത്തെ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജിയോയുടെ പരാതി അര്‍ഹിച്ച അവജ്ഞതയോടെ തള്ളണമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശിനാണ് എയര്‍ടെല്‍ കത്തയച്ചത്. നേരത്തെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരെ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ചേര്‍ന്ന് നിര്‍ബന്ധിച്ച് പോര്‍ട്ട് ചെയ്യിക്കുകയാണെന്നും ജിയോ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

ഉപഭോക്താക്കളെ നിര്‍ബന്ധിച്ച് പോര്‍ട്ട് ചെയ്യിക്കാന്‍ കഴിയുമെന്ന് ജിയോയ്ക്ക് പറയുന്നതെങ്ങനെയാണ്. അങ്ങനെയെങ്കില്‍ മൂന്നു വര്‍ഷം മുന്‍പുതന്നെ ഞങ്ങളിത് ചെയ്യുമായിരുന്നു. മന്ത്രാലയത്തിന് അയച്ച കത്തില്‍ കമ്പനി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിക്കല്‍പ്പോലും ഇത്തരമൊരു ആരോപണം നേരിടേണ്ടി വന്നിട്ടില്ല. മികച്ച സേവനങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഉപഭോക്താക്കളെ നേടുന്നത്. ഞങ്ങളുടെ ബിസിനസ് സുതാര്യമാണ്, എയര്‍ടെല്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എയര്‍ടെലും ജിയോയും തമ്മിലെ മത്സരം ഇഞ്ചോടിഞ്ചാണ്. പുതിയ വരിക്കാരെ സ്വന്തമാക്കുന്ന കാര്യത്തിലും 4ജി വരിക്കാരുടെ എണ്ണത്തിലും റിലയന്‍സ് ജിയോയെ എയര്‍ടെല്‍ പിന്നിലാക്കുന്നുണ്ട്. ഒക്ടോബറിലെ കണക്കുപ്രകാരം ഇന്ത്യയിലെ സജീവ വരിക്കാരില്‍ 33.3 ശതമാനം ആളുകള്‍ എയര്‍ടെല്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. 33.2 ശതമാനം പേര്‍ ജിയോ സേവനങ്ങള്‍ ആശ്രയിക്കുന്നു.

ഒക്ടോബറില്‍ മാത്രം 30 ലക്ഷം പുതിയ വരിക്കാരെ കണ്ടെത്താന്‍ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെലിന് സാധിച്ചു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എയര്‍ടെലിന് പുതിയ വരിക്കാര്‍ കൂടുതായി വരുന്നത്. എയര്‍ടെലിന്റെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 32 കോടിയില്‍ എത്തിനില്‍ക്കുന്നു. ഒക്ടോബറില്‍ 11 ലക്ഷം വരിക്കാരെ കൂടുതല്‍ പിടിച്ച ജിയോയ്ക്ക് 31.9 കോടി വരിക്കാരുണ്ട് ഇന്ത്യയില്‍ സജീവമായി.

Share this story