ജിഎസ്ടി തട്ടിപ്പ്: സ്വിഗ്ഗിക്കും ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റാക്കാര്‍ട്ടിനുമെതിരെ അന്വേഷണം

ജിഎസ്ടി തട്ടിപ്പ്: സ്വിഗ്ഗിക്കും ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റാക്കാര്‍ട്ടിനുമെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും ഫ്ളിപ്പ്കാര്‍ട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇന്‍സ്റ്റാക്കാര്‍ട്ടും ജിഎസ്ടി തട്ടിപ്പ് നടത്തിയതായി പുതിയ ആരോപണം. നികുതി വകുപ്പ് ഇരു കമ്പനികള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. സ്വിഗ്ഗിയും ഇന്‍സ്റ്റാക്കാര്‍ട്ടും വിതരണ മേഖലയില്‍ ജീവനക്കാരുടെ എണ്ണം വ്യാജമായി ചമച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രയോജനപ്പെടുത്തിയെന്നും ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഈ ആഴ്ച്ച ഇരു കമ്പനികളുടെയും ബെംഗളൂരു കേന്ദ്രങ്ങളില്‍ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2017 മുതലുള്ള ക്രമക്കേട് നികുതി വകുപ്പ് കണ്ടെത്തിയതായാണ് സൂചന. നികുതി വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) വിഭാഗം വ്യാജ ജിഎസ്ടി ബില്ലുകളും പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റാക്കാര്‍ട്ടിലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച പാട്ടിയാല ഹൗസ് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ജനുവരി 13 -നാണ് കോടതി വാദം കേള്‍ക്കുക. വ്യാജ ജിഎസ്ടി രസീതുകളുമായി ബന്ധപ്പെട്ട് ഇരു ഉദ്യോഗസ്ഥരെയും ഡിജിജിഐ ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു.

21 കോടി രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഇന്‍സ്റ്റാക്കാര്‍ട്ട് അനധികൃതമായി പ്രയോജനപ്പെടുത്തിയെന്നും സൂചനയുണ്ട്. ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ സ്ഥാപനങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിനാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ വ്യാജ ബില്ല് കാണിച്ച് നികുതി വെട്ടിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ പ്രതിമാസം 50 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞപക്ഷം ജിഎസ്ടി ബാധ്യതയുടെ ഒരു ശതമാനമെങ്കിലും പണമായി അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി ബാധ്യത 99 ശതമാനവും നിര്‍വഹിക്കുന്നതിനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ വകുപ്പ് കേന്ദ്രം ജിഎസ്ടി നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. എന്തായാലും ജിഎസ്ടി തട്ടിപ്പാരോപണം ഫ്ളിപ്പ്കാര്‍ട്ട് നിഷേധിച്ചിട്ടുണ്ട്. വ്യാജ ജിഎസ്ടി ബില്ലുകള്‍ ചമച്ച് 27.51 കോടി രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം നേടിയെന്ന് സ്വിഗ്ഗിയ്ക്ക് നേരെയും ആരോപണമുണ്ട്. എന്നാല്‍ കമ്പനിയുടെ ഔദ്യോഗിക വക്താവ് ഇക്കാര്യം നിഷേധിച്ചു.

Share this story