ഇനി പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാം: പേയ്ഡ് വേർഷന് ഈടാക്കുന്നത് വൻ തുക

Fb insta

പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമം. ഉപഭോക്താക്കൾക്കായി ഇത്തവണ പേയ്ഡ് വേർഷനാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പേയ്ഡ് വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള നോട്ടിഫിക്കേഷനുകളും മെറ്റ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതിമാസം വൻ തുകയാണ് പേയ്ഡ് വേർഷനായി ചെലവഴിക്കേണ്ട വരിക. അധികം വൈകാതെ മുഴുവൻ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കും പേയ്ഡ് വേർഷൻ സൗകര്യം എത്തിക്കുന്നതാണ്.

ഫേസ്ബുക്കിലേയോ ഇൻസ്റ്റഗ്രാമിലേയോ ഒരു അക്കൗണ്ട് പരസ്യ രഹിതമായി ഉപയോഗിക്കണമെങ്കിൽ പ്രതിമാസം 12 യൂറോയാണ് (1071 രൂപ) നൽകേണ്ടത്. അതേസമയം, വെബ് വേർഷന് 9 യൂറോയാണ് (803 രൂപ) പ്രതിമാസ നിരക്ക്. ഗൂഗിളിന്റെയും, ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകൾ മുഖാന്തരം ഇടപാടുകൾ നടത്താവുന്നതാണ്. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾക്കെല്ലാം സബ്സ്ക്രിപ്ഷൻ ബാധകമാകും.

18 വയസിന് മുകളിൽ പ്രായമുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് മെറ്റ പരസ്യ രഹിത സേവനം വാഗ്ദാനം ചെയ്യുന്നത്. യൂറോപ്യൻ യൂണിയന്റെ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് പരസ്യ രഹിത സേവനത്തിന് മെറ്റ തുടക്കമിട്ടത്. ഇതുവഴി പരസ്യങ്ങൾ വേണ്ടെന്ന് വയ്ക്കാനും, ഉപഭോക്തൃ വിവരങ്ങൾ ടാർഗറ്റഡ് പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും സാധിക്കും. ഇന്ത്യയിൽ പരസ്യ രഹിത സേവനം അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Share this story