കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൊറോണക്കാലത്ത് പെരുകിയതായി റിപ്പോർട്ട്

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൊറോണക്കാലത്ത് പെരുകിയതായി റിപ്പോർട്ട്

ഒട്ടാവ: കൊറോണ ഭീഷണി പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലെങ്കിലും കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പുതിയൊരു വേള്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസസ് സര്‍വേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കാനഡയില്‍ കൊറോണ മൂര്‍ധന്യത്തിലെത്തിയ ഏപ്രില്‍ മുതല്‍ തന്നെ ഇത്തരത്തിലുള്ള താല്‍പര്യം വര്‍ധിച്ചിരുന്നുവെന്നത് അതിശയകരമായ വസ്തുതയായി എടുത്ത് കാട്ടപ്പെടുന്നു.

അതായത് കോവിഡ് ഭീഷണിയൊന്നും കാനഡയിലേക്ക് കുടിയേറുന്നതിനുള്ള വിദേശികളുടെ താല്‍പര്യത്തെ ഇല്ലാതാക്കിയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറിച്ച് കോവിഡ് കാരണം കാനഡയിലേക്ക് കുടിയേറുന്നതിനുള്ള തങ്ങളുടെ താല്‍പര്യമേറിയിരിക്കുന്നുവെന്നാണ് ജൂണില്‍ നടത്തിയ വേള്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസ് സര്‍വേയില്‍ പങ്കെടുത്ത ഏതാണ്ട് 50 ശതമാനത്തോളം പേരും പ്രതികരിച്ചിരിക്കുന്നത്. അതായത് ഏപ്രിലില്‍ ഇത്തരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചവരേക്കാള്‍ ജൂണിലെ സര്‍വേയില്‍ ഇത്തരക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്.

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശികളുമായി ഓരോ ആഴ്ചയും ഇടപെടുന്നതിന്റെയും വിവരങ്ങള്‍ ആരായുന്നതിന്റെയും അടിസ്ഥാനത്തിലാണ് വേള്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസസ് സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്നത്. കൊറോണ കാരണം തങ്ങള്‍ കാനഡയിലേക്ക് കുടിയേറാന്‍ ഏറെ താല്‍പര്യപ്പെടുന്നുവെന്ന് ജൂണിലെ സര്‍വേയില്‍ 45 ശതമാനം പേരും പ്രതികരിച്ചപ്പോള്‍ താല്‍പര്യമില്ലെന്ന് പ്രതികരിച്ചത് ആറ് ശതമാനം പേര്‍ മാത്രമാണ്. കോവിഡ് കാരണം കാനഡയിലേക്ക് കുടിയേറുന്നത് വൈകിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ജൂണിലെ സര്‍വേയില്‍ പങ്കടുത്ത 32 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.

കോവിഡ് കാരണം തങ്ങളുടെ മാതൃരാജ്യങ്ങളിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാള്‍ വളരെ കുറഞ്ഞ പ്രത്യാഘാതങ്ങള്‍ മാത്രമാണ് കാനഡയിലുണ്ടായിരിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മിക്കവരും കരുതുന്നത്. അതിനാലാണ് തങ്ങള്‍ കോവിഡ് കാരണം കാനഡയിലേക്ക് കുടിയേറാനുള്ള തങ്ങളുടെ താല്‍പര്യം വര്‍ധിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു.

Share this story