കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;രണ്ടാം കോവിഡ് തരംഗത്തിന് സാധ്യതയേറിയെന്ന് പ്രധാനമന്ത്രി

കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;രണ്ടാം കോവിഡ് തരംഗത്തിന് സാധ്യതയേറിയെന്ന് പ്രധാനമന്ത്രി

കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുവെന്നും അതിനാല്‍ ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസം പ്രതി 1000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം 1,55,795 ആയാണ് വര്‍ധിച്ചിരിക്കുന്നത്. മരണസംഖ്യയാകട്ടെ 9300 ആയാണ് ഉയര്‍ന്നിരിക്കുന്നത്.

നിലവില്‍ രാജ്യം കോവിഡ് കേസുകളുടെ പെരുപ്പത്തില്‍ നിര്‍ണായക വഴിത്തിരിവിലാണെത്തിയിരിക്കുന്നതെന്നും ഇനി രോഗത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ജനങ്ങളുടെ ജാഗ്രതയ്ക്കനുസരിച്ചായിരിക്കുമെന്നു പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി കടുത്ത മുന്നറിയിപ്പേകുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കാന്‍ സാധ്യതയേറിയിരിക്കുന്നുവെന്നും അതിനാല്‍ ഏവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് ബുധനാഴ്ച രാജ്യത്തോട് സംസാരിക്കവേ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ മുന്നറിയിപ്പേകിയിരിക്കുന്നത്.

നിലവിലെ കാലത്തിനും 2022 ജനുവരിക്കുമിടയില്‍ രാജ്യത്ത് മൂന്ന് ഘട്ടങ്ങളിലൂടെ കോവിഡ് പകര്‍ച്ച കടന്ന് പോകുമെന്നാണ് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നും തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ അത് താഴ്ന്ന് തുടങ്ങുമെന്നും അവര്‍ വിശദീകരിക്കുന്നു.

ആക്ടീവ് കേസുകള്‍ പരമാവധി കണ്ടെത്തുകയും അതിനൊപ്പം ട്രേസിംഗ് ഫലപ്രദമായി നിര്‍വഹിക്കുകയും രാജ്യത്തെ ഓരോരുത്തരും ജാഗ്രത പുലര്‍ത്തുകയും ചെയ്താല്‍ മാത്രമേ മഹാമാരിയെ എത്രയും വേഗം ഫലപ്രദമായി പിടിച്ച് കെട്ടാന്‍ സാധിക്കുകയുള്ളുവെന്നാണ് തെരേസ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.ജനം ജാഗ്രത പുലര്‍ത്തുകയും ആരോഗ്യ മുന്‍കരുതലെടുക്കുകയും ചെയ്തിട്ടില്ലെങ്കില്‍ രാജ്യത്ത് കോവിഡിന്റെ സംഹാര താണ്ഡവം അരങ്ങേറുമെന്നും തെരേസ മുന്നറിയിപ്പേകുന്നു.

Share this story