കാനഡയിലേക്കുള്ള അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ക്കുള്ള കോവിഡ് മൂലമുള്ള യാത്രാ വിലക്ക് നീങ്ങിയില്ല

കാനഡയിലേക്കുള്ള അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ക്കുള്ള കോവിഡ് മൂലമുള്ള യാത്രാ വിലക്ക് നീങ്ങിയില്ല

അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ക്ക് നിലവിലും കാനഡയിലേക്ക് വരാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് ഭീഷണി കാരണം അവര്‍ക്ക് കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കേണ്ടെന്ന കടുത്ത തീരുമാനത്തില്‍ തന്നെയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇത് കാരണം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാരാണ് ബുദ്ധിമുട്ട് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരക്കാരെ കാനഡയിലേക്കുള്ള യാത്രാ വിലക്കുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കാത്ത വിഷമാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ പെട്ടവരുടെ പ്രതിനിധിയാണ് ലെബനന്‍ സ്വദേശിയായ ഫാദി ഗൗയി. 2020 ജനുവരി ഏഴിന് ഫാദിക്ക് കണ്‍ഫര്‍മേഷന്‍ ഓഫ് പെര്‍മനന്റ് റെസിഡന്‍സ് (സിഒപിആര്‍) ലഭിച്ചുവെങ്കിലും ഇനിയും കാനഡയിലേക്ക് പിആറായി എത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രക്രിയകളുടെ എല്ലാ കടമ്പകളും പാസാകുന്നവര്‍ക്കാണ് സിഒപിആര്‍ നല്‍കി വരുന്നത്. ഇത്തരക്കാര്‍ക്ക് സിഒപിആര്‍ ലഭിച്ചാല്‍ പിന്നെ കാനഡയിലേക്ക് വരാവുന്നതാണ്.എന്നാല്‍ കോവിഡ് ഭീഷണി കാരണം ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേര്‍ക്കാണ് അതിന് സാധിക്കാതെ വന്നിരിക്കുന്നത്.

സിഒപിആറിന് കാലാവധിയുണ്ടെന്നിരിക്കെ ഇത് കാലഹരണപ്പെട്ടാല്‍ തുടര്‍ന്ന് കാനഡയിലേക്ക് വരുന്നതിനുള്ള തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. മഹാമാരിക്ക് മുമ്പ് സിഒപിആര്‍ കാലഹരണപ്പെട്ടവരെ കാനഡയിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല. എന്നാല്‍ കോവിഡ് കാരണം കാനഡയിലേക്ക് വരാന്‍ സാധിക്കാതെ സിഒപിആര്‍ കാലഹരണപ്പെട്ടവരുടെ പ്രശ്‌നം ഉദാരമായി കൈകാര്യം ചെയ്യാന്‍ ഐആര്‍സിസി നീക്കം നടത്തുന്നുണ്ട്. ഇത് പ്രകാരം ജൂലൈയില്‍ ഇതിനായി ഒരു വെബ്‌ഫോം ഐആര്‍സിസി ലോഞ്ച് ചെയ്തിരുന്നു. കോവിഡ് കാരണം സിഒപിആര്‍ കാലഹരണപ്പെട്ടവര്‍ക്ക് ഈ ഫോം പൂരിപ്പിച്ച് ഇളവിനായി അപേക്ഷിക്കാവുന്നതാണ്. ഇത്തരക്കാര്‍ക്ക് തുടര്‍ന്ന് ഒരു അഥോറൈസേഷന്‍ ലെറ്റര്‍ നല്‍കുകയും അതിന്റെ ബലത്തില്‍ കാനഡയിലേക്ക് വരാവുന്നതുമാണ്.

Share this story