കാനഡയിലേക്ക് 18 മാസത്തേക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ്; ലക്ഷ്യം കോവിഡ് 19 പ്രതിസന്ധി

കാനഡയിലേക്ക് 18 മാസത്തേക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ്; ലക്ഷ്യം കോവിഡ് 19 പ്രതിസന്ധി

കാനഡയിലേക്കുള്ള 18 മാസത്തേക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റിന് 52,000 പേര്‍ക്ക് വരെ അവസരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ ചില പ്രത്യേക പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് അഥവാ പിജിഡബ്ല്യൂപി ഹോള്‍ഡര്‍മാര്‍ക്ക് പുതിയ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിനായി ഈ വര്‍ഷം ജൂലൈ 27 വരെ അപേക്ഷിക്കാന്‍ സാധിക്കും. കോവിഡ് 19 പ്രതിസന്ധിയില്‍ കാനഡയില്‍ പെട്ട് പോയ മുന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് കനേഡിയന്‍ ഗവണ്‍മെന്റ് പുതിയ പോളിസി നടപ്പിലാക്കുന്നത്.

പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടിരിക്കുന്നവര്‍ അല്ലെങ്കില്‍ കാലഹരണപ്പെടാന്‍ പോകുന്നവരായ പിജിഡബ്ല്യൂപി ഹോള്‍ഡര്‍മാരില്‍ നിന്നും ജനുവരി 27 മുതല്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അപേക്ഷകള്‍ സ്വീകരിച്ച് വരുന്നുണ്ട്. കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമിന് അര്‍ഹത നേടുന്നതിനുള്ള കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് നേടുന്നതിന് പിജിഡബ്ല്യൂപി ഹോള്‍ഡര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുന്നതിനാണ് പുതിയ പോളിസി കനേഡിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

മുന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ഇവിടെ കുടിയേറ്റക്കാരായി നിലനിര്‍ത്തുന്നതിന് ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റുകള്‍ വര്‍ധിച്ച മുന്‍ഗണനയാണേകി വരുന്നത്. മുന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ തൊഴില്‍ വിപണിയുമായി കൂടുതല്‍ വേഗത്തില്‍ ഇണങ്ങിച്ചേരുന്നുവെന്ന് സര്‍ക്കാര്‍ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം നീക്കം സര്‍ക്കാരുകള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്. പുതിയ പബ്ലിക്ക് പോളിസിയിലൂടെ മുന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് 18 മാസം വരെ ഓപ്പണ്‍ പെര്‍മിറ്റ് ലഭിക്കും.

Share this story