യുഎസിലേക്ക് കുടിയേറുന്നതിന് പകരം കാനഡയെ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരേറുന്നു

യുഎസിലേക്ക് കുടിയേറുന്നതിന് പകരം കാനഡയെ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരേറുന്നു

ഇന്ത്യക്കാര്‍ യുഎസിലേക്ക് കുടിയേറുന്നതിന് പകരം കാനഡയെ തെരഞ്ഞെടുക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം കുടിയേറ്റത്തിനായുള്ള ആദ്യ ചോയ്‌സായി കാനഡയെ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ പെരുകി വരുകയാണ്. ഉയര്‍ന്ന ജീവിത നിലവാരവും കാനഡയില്‍ വിജയകരമായി കുടിയേറിയ നിരവധി പേരടങ്ങുന്ന ഇന്ത്യന്‍ സമൂഹമേകുന്ന പ്രചോദനവുമാണ് ഇതിനുള്ള പ്രധാന കാരണങ്ങളെന്നും വെളിപ്പെട്ടിട്ടുണ്ട്.യുഎസിന്റെ കുടിയേറ്റ വിരുദ്ധത ഏറെ ഇന്ത്യക്കാരെ ഇവിടേക്ക് വരുന്നതില്‍ നിന്നും അകറ്റുന്നുണ്ട്.

യുഎസില്‍ നിന്നും ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനായി അനിശ്ചിതമായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതും ടെംപററി വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കാന്‍ യുഎസില്‍ ദശാബ്ദങ്ങള്‍ ജീവിക്കേണ്ടുന്ന അനിശ്ചിതത്വവും യുഎസിലേക്ക് കുടിയേറുന്നതില്‍ നിന്നും നിരവധി ഇന്ത്യക്കാരെ പിന്തിരിപ്പിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ കാനഡ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം വെല്‍ഫെയര്‍ സ്റ്റേറ്റാണെന്നതും കാനഡയില്‍ പെര്‍മനന്റ് റെസിഡന്റാകുന്നവര്‍ക്ക് പോലും അനായാസം ഹെല്‍ത്ത് കെയറും നല്ല വിദ്യാഭ്യാസവും ലഭിക്കുന്നതും ഇന്ത്യക്കാരെ കൂടുതലായി കാനഡയിലേക്ക് കുടിയേറുന്നതിന് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന കാനഡയുടെ നിലപാടും ഇന്ത്യക്കാരെ ഇവിടേക്ക് അടുത്തിടെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. 2019ല്‍ കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയിലൂടെ ഏറ്റവും കൂടുതലെത്തിയ വിദേശികള്‍ ഇന്ത്യക്കാരായിരുന്നു. കൂടാതെ കാനഡയിലെ മറ്റ് കാറ്റഗറികളില്‍പെടുന്ന സ്‌കില്‍ഡ് ഇമിഗ്രന്റ് വിസകളും വേഗത്തില്‍ ലഭിക്കുന്നത് ഇവിടേക്ക് കുടിയേറുന്നതിന് മുന്‍ഗണനയേകാന്‍ നിരവധി ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.

Share this story