കാനഡയില്‍ ഞായറാഴ്ച പുതിയ 4060 കോവിഡ് കേസുകളും 32 മരണങ്ങളും ; രാജ്യത്ത് ഇതുവരെ മൊത്തം 2,63,275 കോവിഡ് കേസുകളും 10,521 മരണങ്ങളും

കാനഡയില്‍ ഞായറാഴ്ച പുതിയ 4060 കോവിഡ് കേസുകളും 32 മരണങ്ങളും ; രാജ്യത്ത് ഇതുവരെ മൊത്തം 2,63,275 കോവിഡ് കേസുകളും  10,521 മരണങ്ങളും

കാനഡയില്‍ ഞായറാഴ്ച പുതിയ 4060 കോവിഡ് കേസുകളും 32 മരണങ്ങളും രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കാനഡയില്‍ ഇതുവരെ 2,63,275 കോവിഡ് കേസുകളും 10,521 കോവിഡ് മരണങ്ങളുമാണുണ്ടായിരിക്കുന്നത്. ഇതിനിടെ 2,15,005 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുമുണ്ട്. നാളിതു വരെ രാജ്യത്ത് 12.3 മില്യണ്‍ കോവിഡ് 19 ടെസ്റ്റകളാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 4000 കവിഞ്ഞുവെന്ന പ്രത്യേകതയും ഇന്നലെ ഞായറാഴ്ചക്കുണ്ട്.

ബ്രിട്ടീഷ് കൊളംബിയ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, കാനഡയിലെ മൂന്ന് ടെറിട്ടെറികള്‍ എന്നിവ പുതിയ കോവിഡ് കേസുകളുടെ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. ഇതിനാല്‍ ഇന്നലെ പുറത്ത് വന്ന കണക്കുകള്‍ പൂര്‍ണമല്ല. ക്യബെക്കില്‍ ഇതു വരെ 1,14,820 കോവിഡ് കേസുകളാണ് നാളിതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അതായത് രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കോവിഡ് കേസുകളുടെ ഏതാണ്ട് പകുതിയും ക്യൂബെക്കിലാണ്.

ഞായറാഴ്ച ക്യൂബെക്കില്‍ 1397 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്.രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ പ്രൊവിന്‍സില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണിത്. ഇതിന് പുറമെ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ക്യൂബെക്കില്‍ 1000ത്തില്‍ അധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയതും ആശങ്കയേറ്റുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രൊവിന്‍സിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ കടുത്ത ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ക്യൂബെക്കില്‍ ഇതുവരെ മൊത്തം 6440 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇവിടെ 3.3 മില്യണ്‍ ടെസ്റ്റുകളാണ് നടത്തിയത്. പ്രൊവിന്‍സില്‍ ഇതുവരെ 97,789 പേരാണ് കോവിഡില്‍ നിന്നും മുക്തരായിട്ടുള്ളത്. ഒന്റാറിയോവില്‍ ഇന്നലെ 1328 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ പ്രൊവിന്‍സില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ 84,153 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇവിടെ ഇതുവരെ 3233 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ആല്‍ബര്‍ട്ടയില്‍ ഇന്നലെ ആറ് കോവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ഇവിടുത്തെ മൊത്തം മരണം 363 ആയി. ഇന്നലെ ആല്‍ബര്‍ട്ടയില്‍ 727 പുതിയ കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ ഇവിടുത്തെ മൊത്തം കേസുകള്‍ 33,507 ആയാണ് വര്‍ധിച്ചത്.

Share this story