ഡിജിറ്റല്‍ അറസ്റ്റിന് ഉപയോഗിച്ച 3962 സ്‌കൈപ്പ് ഐഡികളും 83.668 വാട്‌സ് ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്‌ത് കേന്ദ്രസര്‍ക്കാർ

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റിനായി ഉപയോഗിച്ച 3,962 സ്‌കൈപ്പ് ഐഡികളെയും 83,668 വാട്‌സ് ആപ്പ് അക്കൗണ്ടുകളെയും കണ്ടെത്തി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്‍റര്‍(14സി) ബ്ലോക്ക് ചെയ്‌തതായി ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. കൂടുതല്‍ സമഗ്രമായും സംയോജിതമായും ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള മാര്‍ഗങ്ങള്‍ ആവഷിക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ കീഴില്‍ ഇതിനകം തന്നെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്‍റര്‍(14സി) സ്ഥാപിച്ചതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.
രാജ്യാന്തര വ്യാജ കോളുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാരും ടെലികോം സര്‍വീസ് ദാതാക്കളും ചേര്‍ന്ന് വികസിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവ രാജ്യത്തിന് അകത്ത് നിന്ന് തന്നെ വരുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28 വരെ പൊലീസ് റിപ്പോര്‍ട്ട് ചെയ്‌ത 7.81 ലക്ഷത്തിലേറെ സിം കാര്‍ഡുകളും 2,08,469 ഐഎംഇഐകളും സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തതായും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി പേര്‍ തട്ടിപ്പിന് വിധേയമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ കൈക്കൊണ്ടെന്ന ഡോ.ഫൗസിയ ഖാന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടനടി റിപ്പോര്‍ട്ട് ചെയ്യാനായി 2021ല്‍ തന്നെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്‍ഡ് മാനേജ്മെന്‍റ് സിസ്റ്റം ആരംഭിച്ചിരുന്നു. ഇതിനോടകം ഇത് വഴി13.36 ലക്ഷം പരാതികളിലായി 4,4386 കോടി രൂപ സംരക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ പരാതികള്‍ നല്‍കാനായി 1930 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ എസ്‌എംഎസിലൂടെയും 14 സി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ശ്രമിക്കുന്നു. ഫെയ്സ്‌ബുക്ക്, ഇന്‍സ്റ്റ, ടെലിഗ്രാം, റേഡിയോ തുടങ്ങിയവ ഇതിനായി ഉപയോഗിക്കുന്നു. വിവിധ മാധ്യമങ്ങളില്‍ മൈഗോവ്(mygov) വഴിയും സൈബര്‍ സുരക്ഷ ഉറപ്പാക്കാനായി ബോധവത്ക്കരണം നടത്തുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് സുരക്ഷ ബോധവത്ക്കരണ വാരാചരണവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ട കൈപ്പുസ്‌തകങ്ങളും റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേകളും ഒരുക്കിയിട്ടുണ്ട്.
സൈബര്‍ ഭീഷണികള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പിയര്‍ ലേണിങ് സെഷനുകള്‍ എല്ലാ വെള്ളിയാഴ്ചയും നടത്തുന്നുണ്ട്. ഇതിനകം 98 സെഷനുകള്‍ നടത്തിക്കഴിഞ്ഞു. നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍, പബ്ലിക് പ്രൊസിക്യൂട്ടര്‍മാര്‍, ഫോറന്‍സിക് സയന്‍റിസ്റ്റുകള്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.