ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ദിനംപ്രതി 24 വിമാനങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് വി മുരളീധരൻ

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ദിനംപ്രതി 24 വിമാനങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് വി മുരളീധരൻ

വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടത്തിൽ ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്‌ളൈറ്റുകളിൽ ആളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരൻ. ഗൾഫിലെ ഓരോ രാജ്യത്ത് നിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്ന നിർദേശമാണ് മുന്നോട്ടുവെച്ചതെന്നും വി മുരളീധരൻ പറഞ്ഞു

ഓരോ രാജ്യത്ത് നിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്ക് ഓരോ വിമാനം വെച്ചു വന്നാൽ തന്നെ ദിവസവും 24 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസുണ്ടാകും. ഒരു വിമാനത്താവളത്തിൽ തന്നെ ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസവും വരുംതോറും തിരക്ക് കുറയുമെന്നും മന്ത്രി പറഞ്ഞു

കേരളത്തിലേക്ക് 36 സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ചാർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കേരളത്തിലേക്കുള്ള വിമാന സർവീസ് വർധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരൻ പറഞ്ഞു. വിമാനങ്ങളുടെ ലഭ്യതയിൽ കുറവില്ല. സംസ്ഥാന സർക്കാർ ക്വാറന്റൈൻ സൗകര്യങ്ങളും പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും സംബന്ധിച്ച് അറിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ 45 വിമാനങ്ങൾ വരെ കൊണ്ടുവരാൻ ധാരണയായിരിക്കുന്നത്

കൂടുതൽ ആളുകളെ കൊണ്ടുവരാൻ സംസ്ഥാനസർക്കാർ അനുവദിക്കുകയാണെങ്കിൽ കൂടുതൽ പേരെ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണ്. അനർഹരായ ആളുകൾ വലിയ തോതിൽ വരുന്നുവെന്ന പരാതിയിൽ തെളിവുകൾ കിട്ടിയാൽ പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Share this story