ഇടുക്കിയിലെ കൊവിഡ് രോഗി ആയിരത്തോളം പേരുമായി ഇടപെട്ടു; രോഗ ഉറവിടം കണ്ടെത്തിയില്ല

ഇടുക്കിയിലെ കൊവിഡ് രോഗി ആയിരത്തോളം പേരുമായി ഇടപെട്ടു; രോഗ ഉറവിടം കണ്ടെത്തിയില്ല

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾ ആയിരത്തിലധികം പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.

ഇന്നലെയും ഇയാൾ കട തുറന്നിരുന്നു. മൂന്ന് ദിവസം മുമ്പ് റാൻഡം പരിശോധനയുടെ ഭാഗമായിട്ടാണ് ഇയാളിൽ നിന്ന് സാമ്പിളെടുത്ത് പരിശോധിച്ചത്. പരിശോധനാ ഫലം വന്നത് ഇന്നലെ ഉച്ചയോടെയാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

കമ്പംമേട്ട് വഴി തമിഴ്‌നാട്ടിൽ നിന്നും വന്ന ചരക്ക് ലോറി ഡ്രൈവർമാർക്ക് ഇയാൾ ബേക്കറിയിൽ നിന്നും സാധനങ്ങൾ നൽകിയിരുന്നു. രോഗം ബാധിച്ചത് ഈ വഴിയാകാമെന്നാണ് പ്രധാന സംശയം. ബേക്കറിയിലും വീടിന് പരിസരത്തുമൊക്കെയായി ആയിരത്തോളം പേരുമായി യുവാവ് ബന്ധപ്പെട്ടിട്ടുണ്ട്.

ഇവരെയൊക്കെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്നത് ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളിയാണ്. ചെക്ക് പോസ്റ്റുകളിലെ പരിശോധന ഇനിയും കർശനമാക്കേണ്ടതുണ്ടെന്നാണ് സംഭവം തെളിയിക്കുന്നത്.

Share this story