കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരം; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കൈവിട്ടു പോകുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരം; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കൈവിട്ടു പോകുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും.

കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാകില്ല. സാമ്പത്തികമായി വലിയ തകർച്ചയാണ് കേരളം നേരിടുന്നത്.

പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ രണ്ടും കൽപ്പിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനമെടുക്കാനാകില്ല.

കൊവിഡിൽ മരിക്കേണ്ടവർ മരിച്ച് അല്ലാത്തവർ ജീവിച്ച് രോഗം വന്നാൽ ചികിത്സിച്ച് മാറ്റുന്ന ഹെർഡ് ഇമ്മ്യൂണിറ്റി വാദത്തോട് യോജിപ്പില്ല. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ലക്ഷ്യം മരണം കുറക്കണമെന്നാണ്. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്.

കുടുംബാംഗങ്ങൾക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ. അത് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. അമേരിക്കയിലെ അവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിലടക്കം ഹെർഡ് ഇമ്മ്യൂണിറ്റി വാദം ഉയരുന്നത്. രണ്ട് ചോദ്യമാണുള്ളത്. മരണം കുറയ്ക്കണോ വേണ്ടയോ, അതോ ആളുകളെയെല്ലാം മരണത്തിന് വിട്ടു കൊടുത്ത് ഹെർഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കണമോ.

ട്രംപ് ആദ്യ ഘട്ടത്തിൽ പറഞ്ഞത് രോഗം എല്ലാവർക്കും വരട്ടെയെന്നാണ്. പക്ഷേ അവരും നിലപാട് മാറ്റി. രോഗം വന്ന് 85,000ത്തിലേറെ പേർ ഒരു രാജ്യത്ത് മരിക്കുകയെന്നത് എങ്ങനെ സങ്കൽപ്പിക്കാനാകുമെന്നും മന്ത്രി ചോദിച്ചു

Share this story