ലോകാരോഗ്യ സംഘടന പ്രതിസ്ഥാനത്ത്; കൊവിഡിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാഷ്ട്രങ്ങൾ

ലോകാരോഗ്യ സംഘടന പ്രതിസ്ഥാനത്ത്; കൊവിഡിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാഷ്ട്രങ്ങൾ

കൊവിഡ് മഹാമാരിയെ കുറിച്ചും ലോകാരോഗ്യ സംഘടന ഇതിനെ കൈകാര്യം ചെയ്ത രീതിയെ കുറിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെയുള്ള 62 രാജ്യങ്ങൾ രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയും യൂറോപ്യൻ യൂനിയനും മുന്നോട്ടു വെച്ച പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ചത്.

ഇന്ന് തുടങ്ങുന്ന 73ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ വിഷയത്തിന്റെ കരട് പ്രമേയം മുന്നോട്ടു വെക്കും. കൊവിഡിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ നിക്ഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യമാണ്. ഇതിന് കൂടിയാലോചനകൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു

ലോകത്ത് ഇത്തരത്തിൽ ഒരു മഹാമാരി വീണ്ടും ഉടലെടുത്താൽ എങ്ങനെ അതിനെ പ്രതിരോധിക്കണമെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയെങ്കിലും അന്വേഷണം സഹായിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പറയുന്നു. അതേസമയം കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് വുഹാനിലെ ലാബിനെ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ജപ്പാൻ, യുകെ, ന്യൂസിലാൻഡ്, സൗത്ത് കൊറിയ, ബ്രസീൽ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ പിന്തുണക്കുന്ന മറ്റ് രാഷ്ട്രങ്ങൾ

കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാൻ ലോകാരോഗ്യസംഘടനയെ അനുവദിക്കുന്നത് വേട്ടക്കാരനെയും ഗെയിം കീപ്പറെയുമാണ് ഓർമിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ തുറന്നടിച്ചു.

Share this story