സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്, ഒരു മരണം; പത്ത് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്, ഒരു മരണം; പത്ത് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 23 പേർക്കും ജയിലിൽ കഴിയുന്ന രണ്ട് പേർക്കും എയർ ഇന്ത്യയിലെ കാബിൻ ക്രൂവായി ജോലി നോക്കുന്ന രണ്ട് പേർക്കും ഒരു ആരോഗ്യ പ്രവർത്തകക്കും സമ്പർക്കത്തിലൂടെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരുടെ കണക്ക് ഇങ്ങനെയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പത്ത് വീതം ആളുകൾ, ഡൽഹി, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒന്ന് വീതം ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ല തിരിച്ചുള്ള കണക്കിൽ പാലക്കാട് 14 പേർക്കും കണ്ണൂരിൽ 7 പേർക്കും തൃശ്ശൂരിൽ ആറ് പേർക്കും പത്തനംതിട്ട ആറ് പേർക്കും മലപ്പുറം 5 പേർക്കും കാസർകോട്, എറണാകുളം ജില്ലകളിൽ നാല് പേർക്ക് വീതവും ആലപ്പുഴ മൂന്ന് പേർക്കും വയനാട് 2 പേർക്കും കൊല്ലം 2 പേർക്കും കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലയിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതിൽ വയനാട് 5 പേരും കോഴിക്കോട് രണ്ട് പേരും കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്ത് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സംസ്ഥാനത്ത് ഇതുവരെ 1150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 577 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 1,24,160 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1080 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 60448 എണ്ണത്തിലും രോഗബാധയില്ലെന്ന് കണ്ടെത്തി.

Share this story