രാജ്യത്ത് 24 മണിക്കൂറിനിടെ 7466 പുതിയ കൊവിഡ് കേസുകൾ, 175 മരണം; ആശങ്കക്ക് അറുതിയില്ല

രാജ്യത്ത് 24 മണിക്കൂറിനിടെ 7466 പുതിയ കൊവിഡ് കേസുകൾ, 175 മരണം; ആശങ്കക്ക് അറുതിയില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7466 പുതിയ കൊവിഡ് കേസുകൾ. ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 175 പേർ മരിക്കുകയും ചെയ്തു

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നു. ആകെ മരണസംഖ്യ 4706 ആയി. 71105 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ 59546 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 1982 പേർ സംസ്ഥാനത്ത് മരിച്ചു.

ഗുജറാത്തിൽ 15562 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 960 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 19372 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 145 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇന്ത്യ ചൈനയെയും മറികടന്നു. 1,65,799 കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ചൈന പുറത്തുവിട്ട കണക്കുകൾ 84,106 ആണ്. ഇതിന്റെ ഇരട്ടി രോഗികളാണ് ഇന്ത്യയിലുള്ളത്. മരണസംഖ്യ ചൈനയിൽ 4638 ആയിരുന്നുവെങ്കിൽ ഇന്ത്യയിൽ മരണം 4706 ആയി ഉയർന്നു കഴിഞ്ഞു.

അതേസമയം രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. 17 ലക്ഷം പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീൽ, റഷ്യ, യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് നിൽക്കുമ്പോൾ ചൈന പതിനാലാമതാണ്.

Share this story