ഒറ്റ ദിവസത്തിൽ 8909 കൊവിഡ് രോഗികൾ; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷവും കടന്നു

ഒറ്റ ദിവസത്തിൽ 8909 കൊവിഡ് രോഗികൾ; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷവും കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത്രയും പേർക്ക് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,07,615 ആയി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം കടക്കുന്നതിനായി വേണ്ടി വന്നത് വെറും രണ്ടാഴ്ചക്കാലമാണ്. രോഗവ്യാപനം അതിവേഗതയിലാണ് രാജ്യത്ത് സംഭവിക്കുന്നത്. പ്രതിരോധ നടപടികൾ ശക്തമാക്കുമ്പോഴും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു

217 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5815 ആയി ഉയർന്നു. വൈറസ് ബാധിതരിൽ 100302 പേർ ഇതിനോടകം രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. 101497 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. 2362 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17200 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ മരണസംഖ്യ 1063 ആയി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 23495 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 184 പേർ ഇതിനോടകം മരിച്ചു.

Share this story