സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ്, ഒരു മരണം; 60 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ്, ഒരു മരണം; 60 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 52 പേർക്കും സമ്പർക്കത്തിലൂടെ 9 പേർക്കും ഒരു ആരോഗ്യപ്രവർത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്

മഹാരാഷ്ട്രയിൽ നിന്നുമെത്തിയ 9 പേർക്കും, ഡൽഹിയിൽ 16, തമിഴ്‌നാട് 14, ബംഗാൾ, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് 2 പേർ വീതവും, മധ്യപ്രദേശ്, മേഘാലയ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഓരോരുത്തർക്കുമാണ് രോഗബാധയുണ്ടായത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്.

ഇന്ന് രോഗം ബാധിച്ചവരിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ 27 പേർ വീതമുണ്ട്. ആലപ്പുഴ 19, തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂർ 6 പേർ വീതം, തിരുവനന്തപുരം, കൊല്ലം നാല് പേർ വീതം, വയനാട് രണ്ട് പേർക്കുമാണ് രോഗബാധ. 60 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതിൽ മലപ്പുറം 15 പേരും കോട്ടയം 12, തൃശ്ശൂർ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം 3, വയനാട് 3, കണ്ണൂർ ഒരാളുമാണ്

ഇന്ന് മാത്രം 4473 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതുവരെ സംസ്ഥാനത്ത് 3451 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1620 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 150196 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 2206 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 275 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share this story