കാസർഗോട്ട് കൊവിഡ് ലക്ഷണമുള്ളയാൾ മരിച്ചു; ട്രൂ നാറ്റ് പരിശോധനാ ഫലം പോസിറ്റീവ്

കാസർഗോട്ട് കൊവിഡ് ലക്ഷണമുള്ളയാൾ മരിച്ചു; ട്രൂ നാറ്റ് പരിശോധനാ ഫലം പോസിറ്റീവ്

കാസർഗോട്ട് കൊവിഡ് ലക്ഷണമുള്ളയാൾ മരിച്ചു.ഹൂഗ്ലിയിൽ നിന്ന് കാസർകോട്ടെത്തി മരിച്ച മധ്യവയസ്‌കന്റെ പ്രാഥമിക കൊവിഡ് പരിശോധനാ ഫലം പോസറ്റീവാണ്. മൊഗ്രാൽപുത്തൂർ സ്വദേശിയായ 48 വയസുള്ള ബി എം അബ്ദുൾ റഹ്മാൻ ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.

ഗുരുതരാവസ്ഥയിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്. തലപ്പാടിയിൽ നിന്ന് കാർ മാർഗം കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാൾക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടായിരുന്നു വിവരം. ആശുപത്രിയിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം പെരിയ കേന്ദ്ര സർവകലാശാലയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം ഉച്ചയോടെ ലഭിക്കും.

അതേസമയം വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർ ഉൾപ്പെടെ മൂന്ന് പൊലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. മഞ്ചേശ്വരം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി വന്ന പ്രിൻസിപ്പൾ എസ്‌ഐയും മറ്റ് രണ്ട് പേരുമാണ് രോഗബാധിതരായിരുന്നവരുടെ സമ്പർക്കത്തെ തുടർന്ന് ക്വാറന്റീനിൽ പോയത്. മൂന്ന് പേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയിൽ പുതുതായി 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംഗളൂരുവിൽ താമസിച്ചു വരികയായിരുന്ന ഉദുമ സ്വദേശിയായ ഗർഭിണിക്കും മംഗളൂരു യാത്ര നടത്തിയ രണ്ട് ചെങ്കള സ്വദേശികൾക്കും രോഗബാധയുണ്ടായി. കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരിൽ എട്ട് പേർ വിദേശത്ത് നിന്നും രണ്ടു പേർ ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയവരാണ്.

Share this story