കൊവിഡ്: സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍

കൊവിഡ്: സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍

സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക പ്രദേശത്ത് 50 ല്‍ കൂടുതല്‍ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ രണ്ട് ഉണ്ടായിട്ടുള്ളത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാര്‍ഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റര്‍ജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കും. ആ പ്രദേശത്ത് കടക്കുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ അവിടേക്കുള്ള വരവും പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കകത്ത് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള വിശദമായ രൂപരേഖ നടപ്പാക്കും. അതിനായി ടെസ്റ്റിംഗ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങള്‍ ബാധിച്ചവരുണ്ടോയെന്ന് കണ്ടെത്തും. അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്‌സിംഗാണ് അടുത്ത ഘട്ടം. ഇതിനായി സന്നദ്ധ വൊളന്റിയര്‍മാരെയും നിയോഗിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം അനുവദിക്കാനാകില്ല. സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story