തിരുവനന്തപുരത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗം

തിരുവനന്തപുരത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗം

തിരുവനന്തപുരത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ജില്ലയില്‍ ഒന്‍പത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുക്കുന്നത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ജില്ലയില്‍ 18828 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനം രൂക്ഷമായ പൂന്തുറയില്‍ ഇതുവരെ 1366 ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്. ഇതില്‍ 262 കേസുകളാണ് കൊവിഡ് പോസ്റ്റീവായി റിപ്പോര്‍ട്ട് ചെയ്തത്. പൂന്തുറ ഉള്‍പ്പെടെ രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്. പ്രദേശത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്റര്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പ്പള്ളി പ്രദേശത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇത് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്ത് അവശ്യസാധാനങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചത് 234 പേര്‍ക്ക് https://metrojournalonline.com/covid-19/2020/07/11/covid-today-case.html

പൂന്തുറ പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യൂ, പൊലീസ, ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ രൂപീകരിച്ചു. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ ഡോ.നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥന്‍ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി.

Share this story