കോവിഡ്; പുണെയില്‍ ജൂലൈ 13 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

കോവിഡ്; പുണെയില്‍ ജൂലൈ 13 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

പുണെ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 13 മുതൽ 23 വരെ പൂണെയിലും പിംപ്രി-ചിഞ്ച്വാഡിലും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. നഗരങ്ങളിൽ കൊറോണ കേസുകൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ വെള്ളിയാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ലോക്ക്ഡൗണിൽ പാൽ, ഫാർമസികൾ, ക്ലിനിക്കുകൾ, തുടങ്ങിയ അടിയന്തിര സേവനങ്ങൾക്ക് ഇളവുണ്ടാകും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗൺ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പുണൈ മുൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കി.

വ്യാഴാഴ്ച പുണെയിൽ 1803 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 34,399 ആയി ഉയർന്നു. 1803 കേസുകളിൽ 1032-ഉം പുണെ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പിംപ്രി-ചിഞ്ച്വാഡിൽ 573 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇവിടെ കോവിഡ് കേസുകൾ 6,982 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മുംബൈക്ക് ശേഷം കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയാണ് പുണെ.

മുംബൈയിൽ വ്യാഴാഴ്ച 6,875 പുതിയ കോവിഡ് കേസുകളും 219 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇവിടെ മൊത്തം കോവിഡ് കേസുകൾ 2,30,000 ആയി ഉയർന്നു.

Share this story